മെസിയുമല്ല റൊണാള്‍ഡോയുമല്ല മികച്ച താരം, പ്രതിഭയുടെ കാര്യത്തില്‍ അവനെ മറികടക്കാന്‍ ആര്‍ക്കുമാകില്ല: മൗറീന്യോ
Sports News
മെസിയുമല്ല റൊണാള്‍ഡോയുമല്ല മികച്ച താരം, പ്രതിഭയുടെ കാര്യത്തില്‍ അവനെ മറികടക്കാന്‍ ആര്‍ക്കുമാകില്ല: മൗറീന്യോ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th August 2024, 8:59 pm

 

ലോക ഫുട്‌ബോളില്‍ താന്‍ കണ്ട ഏറ്റവും മികച്ച താരം ബ്രസീലിയന്‍ സൂപ്പര്‍ താരവും റയല്‍-മിലാന്‍ ലെജന്‍ഡുമായ റൊണാള്‍ഡോ നസാരിയോ ആണെന്ന് ഇതിഹാസ പരിശീലകന്‍ ഹോസെ മൗറീന്യോ.

മെസിക്കും റൊണാള്‍ഡോക്കും ദൈര്‍ഘ്യമേറിയ കരിയര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതില്ലാതെ റൊണാള്‍ഡോ മികച്ചതായെന്നും മൗറീന്യോ അഭിപ്രായപ്പെട്ടു.

‘മെസിക്കും റൊണാള്‍ഡോക്കും നീണ്ട കരിയര്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി എല്ലാ ദിവസവും അവര്‍ തന്നെയാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്. എന്നാല്‍ ടാലന്റിനെയും സ്‌കില്ലുകളെയും കുറിച്ച് പറയുമ്പോള്‍ അവനെ (റൊണാള്‍ഡോ നസാരിയോ) കടത്തി വെട്ടാന്‍ ആര്‍ക്കുമാകില്ല.

റൊണാള്‍ഡോ ബാഴ്സലോണയിലായിരുന്നപ്പോഴാണ് ഞാനത് തിരിച്ചറിഞ്ഞത്. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ അദ്ദേഹമാണ്. അന്നത്തെ ആ 19കാരന്റെ കഴിവ് പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്,’ മൗറീന്യോ പറഞ്ഞു.

സ്‌പെയ്‌നിലും ഇറ്റലിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു റൊണാള്‍ഡോ. സ്‌പെയ്‌നില്‍ ബാഴ്‌സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്. ഈ നാല് ടീമുകളുടെയും ആരാധകര്‍ അദ്ദേഹത്തെ ഒരുപോലെ ഇഷ്ടപ്പെട്ടിരുന്നു എന്നത് മറ്റൊരു സവിശേഷത.

ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയ 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ താരം രണ്ട് ലാലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീസിന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം, ഈ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997ല്‍ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ വെറും 21 വയസായിരുന്നു റൊണാള്‍ഡോയുടെ പ്രായം. ഇതിന് പുറമെ മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കി.

ഒരുപക്ഷേ പരിക്കുകള്‍ തളര്‍ത്തിയിരുന്നില്ലെങ്കില്‍ മെസിയെക്കാളും ക്രിസ്റ്റ്യാനോയേക്കാളും ഐതിഹാസിക കരിയര്‍ പടുത്തുയര്‍ത്താനും ആര്‍-9ന് സാധിക്കുമായിരുന്നു.

 

Content Highlight: José Mourinho praises Ronaldo Nazario