ആരും ആഗ്രഹിക്കാത്തത് സ്വയം വിളിച്ചുവരുത്തി, തോല്‍വിക്ക് പിന്നാലെ വമ്പന്‍ നാണക്കേടും; ഓപ്പണറെ കരയിപ്പിച്ച് 2023
IPL
ആരും ആഗ്രഹിക്കാത്തത് സ്വയം വിളിച്ചുവരുത്തി, തോല്‍വിക്ക് പിന്നാലെ വമ്പന്‍ നാണക്കേടും; ഓപ്പണറെ കരയിപ്പിച്ച് 2023
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th May 2023, 11:05 am

ഐ.പി.എല്‍ 2023ലെ 60ാം മത്സരത്തില്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്ന് പുറത്തെടുത്താണ് രാജസ്ഥാന്‍ റോയല്‍സ് തലകുനിച്ചുനില്‍ക്കുന്നത്. ഐ.പി.എല്ലിലെ മൂന്നാമത്തെ ഏറ്റവും ചെറിയ ടോട്ടലാണ് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്.

സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ 59 റണ്‍സിന് രാജസ്ഥാന്‍ ഓള്‍ ഔട്ടാവുകയായിരുന്നു. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ഒഴികെയുള്ള രാജസ്ഥാന്റെ ബാറ്റിങ് നിര അമ്പേ പരാജയപ്പെട്ടതോടെയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തോല്‍വികളിലൊന്ന് സഞ്ജുവിനും സംഘത്തിനും വഴങ്ങേണ്ടി വന്നത്.

ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും സില്‍വര്‍ ഡക്കായി പുറത്തുപോയപ്പോള്‍ അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിക്കറ്റ് വലിച്ചെറിഞ്ഞത്. അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

കഴിഞ്ഞ മത്സരത്തിലും ‘സംപൂജ്യനായി’ പുറത്തായതിന് പിന്നാലെ ഒരു മോശം റെക്കോഡും ജോസ് ബട്‌ലറിനെ തേടിയെത്തിയിരുന്നു. ഒരു സീസണില്‍ ഏറ്റവുമധികം തവണ ഡക്കായി പുറത്താകേണ്ടി വന്ന താരം എന്ന റെക്കോഡാണ് ബട്‌ലറിനെ തേടിയെത്തിയത്. നാല് തവണയാണ് ബട്‌ലര്‍ ഈ സീസണില്‍ പൂജ്യനായി പുറത്തായത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ആദ്യ മത്സരത്തിലും സമാനമായി രീതിയില്‍ സില്‍വര്‍ ഡക്കായിട്ടായിരുന്നു ബട്‌ലര്‍ പുറത്തായത്. ആര്‍.സി.ബിക്ക് പുറമെ ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവര്‍ക്കെതിരെയും ബട്‌ലര്‍ റണ്ണൊന്നും നേടാതെയാണ് മടങ്ങിയത്.

ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

(താരം – ടീം – വര്‍ഷം – ടോട്ടല്‍ ഡക്ക് എന്നീ ക്രമത്തില്‍)

ഹെര്‍ഷല്‍ ഗിബ്‌സ് – ഡെക്കാന്‍ ചാര്‍ജേഴ്‌സ് – 2009 – 4

മിഥുന്‍ മന്‍ഹാസ് – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 2011 – 4

മനീഷ് പാണ്ഡേ – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 4

ശിഖര്‍ ധവാന്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2020 – 4

ഓയിന്‍ മോര്‍ഗന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – 2021 – 4

നിക്കോളാസ് പൂരന്‍ – പഞ്ചാബ് കിങ്‌സ് – 2022 – 4

ജോസ് ബട്‌ലര്‍ – രാജസ്ഥാന്‍ റോയല്‍സ് – 2023 – 4*

ജോസ് ബട്‌ലറിന് സീസണില്‍ ഇനിയും മത്സരങ്ങളുണ്ടെന്നതിനാല്‍ ഈ മോശം റെക്കോഡ് തിരുത്തിയെഴുതാനും കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് വിന്നറിന് സാധിച്ചേക്കും.

കഴിഞ്ഞ ദിവസത്തെ തോല്‍വിക്ക് പിന്നാലെ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് രാജസ്ഥാന്‍. 13 മത്സരത്തില്‍ നിന്നും 12 പോയിന്റ് ഉണ്ടെങ്കില്‍ക്കൂടിയും നെറ്റ് റണ്‍ റേറ്റില്‍ സംഭവിച്ച ഇടിവ് ടീമിന്റെ പ്ലേ ഓഫ് സ്വപ്‌നങ്ങളെ പൂര്‍ണമായും തല്ലിക്കെടുത്തിയേക്കാം.

 

Content Highlight: Jos Buttler with most number of ducks in IPL