| Thursday, 6th April 2023, 4:36 pm

തോല്‍വിക്ക് പിന്നാലെ കനത്ത തിരിച്ചടി; സഞ്ജുവിന്റെ വലംകൈ പുറത്തേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരത്തില്‍ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ കളിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്റെ ഹോം മത്സരത്തിനിടെ പരിക്കേറ്റതിന് പിന്നാലെയാണ് ബട്‌ലറിന് വരാനിരിക്കുന്ന മത്സരം നഷ്ടമാവുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാജസ്ഥാന്റെ സെക്കന്‍ഡ് ഹോം സ്‌റ്റേഡിയമായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ താരത്തിന്റെ കൈക്ക് പരിക്കേറ്റിരുന്നു. താരത്തിന്റെ കൈക്ക് നിരവധി സ്റ്റിച്ചുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഏപ്രില്‍ എട്ടിന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ രണ്ടാം ഹോം മത്സരമാണ് ബട്‌ലറിന് നഷ്ടമാവുക. ഡേവിഡ് വാര്‍ണറിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍.

ബട്‌ലറിന്റെ അഭാവത്തില്‍ ആരായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക എന്ന ചോദ്യമാണ് ആരാധകര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ നടത്തിയ പരീക്ഷണങ്ങളൊന്നും ആവര്‍ത്തിക്കരുതെന്നും സഞ്ജു തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ മത്സരത്തില്‍, ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ പഞ്ചാബ് താരം ഷാരൂഖ് ഖാന്റെ ക്യാച്ചെടുക്കുന്നതിനിടെയായിരുന്നു താരത്തിന്റെ ചെറുവിരലിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനും ബട്‌ലറിന് സാധിച്ചിരുന്നില്ല.

ആര്‍. അശ്വിനായിരുന്നു ബട്‌ലറിന് പകരം ജെയ്‌സ്വാളിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഓപ്പണിങ് കൂട്ടുകെട്ട് അമ്പേ പാളിയിരുന്നു. അശ്വിന്‍ നാല് പന്ത് നേരിട്ട് ഒറ്റ റണ്‍സ് പോലും നേടാതെ മടങ്ങി.

വണ്‍ ഡൗണായിട്ടായിരുന്നു ബട്‌ലര്‍ കളത്തിലിറങ്ങിയത്. 11 പന്തില്‍ നിന്നും ഒരു ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 19 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ അഞ്ച് റണ്‍സകലെ കാലിടറി വീണു. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും ഷിംറോണ് ഹെറ്റ്‌മെയറിന്റെയും ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ ധ്രുവ് ജുറൈലിന്റെയും ഇന്നിങ്‌സാണ് രാജസ്ഥാന് തോല്‍വിയിലും അഭിമാനിക്കാനുള്ള വക നല്‍കിയത്.

മത്സരത്തില്‍ സഞ്ജു 25 പന്തില്‍ നിന്നും 42 റണ്‍സ് നേടിയപ്പോള്‍ ഹെറ്റ്‌മെയര്‍ 18 പന്ത് നേരിട്ട് 36 റണ്‍സും ജുറൈല്‍ 15 പന്തില്‍ നിന്നും 32 റണ്‍സും നേടി.

Content highlight: Jos Buttler to miss next match against Delhi Capitals

We use cookies to give you the best possible experience. Learn more