ഐ.പി.എല്‍ 2022ലെ ഷോ സ്റ്റീലറായിരുന്ന ജോസ് ബട്‌ലര്‍ വീണ്ടും തന്റെ മികച്ച പ്രകടനം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ്. നേരത്തെ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജേഴ്‌സിയിലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ദേശീയ ടീമിനൊപ്പമാണ് എന്ന വ്യത്യാസം മാത്രമാണുള്ളത്.
നെതര്‍ലന്‍ഡ്‌സിനെതിരെയുള്ള പരമ്പര തൂത്തുവാരിയാണ് ഇംഗ്ലീഷ് പട വിജയമാഘോഷിച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ 498 റണ്‍സടിച്ച് ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയാണ് ഇംഗ്ലണ്ട് തേരോട്ടം ആരംഭിച്ചത്.
രണ്ടാം മത്സരത്തിലും മികച്ച വിജയം കൊയ്ത ഇംഗ്ലണ്ട്, മൂന്നാം മത്സരത്തിലും മികവ് ആവര്‍ത്തിച്ചു. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ അഭാവത്തില്‍ ക്യാപ്റ്റന്റെ റോള്‍ കൂടി ഏറ്റെടുത്ത ബട്‌ലര്‍ ക്യാപ്റ്റനായും ബാറ്ററായും മത്സരത്തില്‍ തിളങ്ങി.
നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 244 റണ്‍സിന്റെ വിജയലക്ഷ്യം 20 ഓവര്‍ ബാക്കി നില്‍ക്കവെയായിരുന്നു ഇംഗ്ലണ്ട് മറികടന്നത്.
64 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും അഞ്ച് സിക്സറുമടക്കം പുറത്താവാതെ 84 റണ്‍സാണ് ബട്ലര്‍ സ്വന്തമാക്കിയത്. സഹതാരം ജേസണ്‍ റോയ് 86 പന്തില്‍ നിന്ന് 101 റണ്‍സ് സ്വന്തമാക്കി മത്സരത്തിലെ ടോപ് സ്‌കോററുമായി.
മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ജേസണ്‍ റോയ് മാന്‍ ഓഫ് ദി മാച്ചും, ജോസ് ബട്‌ലര്‍ മാന്‍ ഓഫ് ദി സീരീസുമായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരത്തിലെ രണ്ട് ഇന്നിങ്സില്‍ നിന്നുമായി 248 റണ്‍സാണ് ബട്ലര്‍ സ്വന്തമാക്കിയത്.
മാന്‍ ഓഫ് ദി സീരീസിന് പുറമെ മറ്റൊരു റെക്കോഡും താരത്തെ തേടി എത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ മറികടന്നാണ് താരം റെക്കോഡ് സ്വന്തമാക്കിയത്.