| Saturday, 25th May 2024, 9:14 pm

പാകിസ്ഥാന്‍ തീയുണ്ടകളെ തല്ലിയൊതുക്കി സഞ്ജുവിന്റെ ജോസേട്ടന്‍; ഇങ്ങേര്‍ പോയില്ലെങ്കില്‍ രാജസ്ഥാന്‍ ഫൈനല്‍ കളിച്ചേനേ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിനിടെ തങ്ങളുടെ താരങ്ങളെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചുവിളിച്ചിരുന്നു. ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങള്‍ക്കും മത്സരങ്ങള്‍ക്കുമായാണ് ഇ.സി.ബി താരങ്ങളെ തിരിച്ചുവിളിച്ചത്. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ട് പാകിസ്ഥാനുമായി ടി-20 പരമ്പര കളിക്കും.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ട് പാകിസ്ഥാനെതിരെ കളിക്കുക. പരമ്പരയിലെ ആദ്യ മത്സരം ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സ് എലിമിനേറ്റര്‍ മത്സരം കളിച്ച അതേ ദിവസം തന്നെയായിരുന്നു മത്സരം ഷെഡ്യൂള്‍ ചെയ്തത്.

പരമ്പരയിലെ രണ്ടാം മത്സരം എഡ്ജ്ബാസ്റ്റണില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സടിച്ചു. ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

തരക്കേടില്ലാത്ത തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണര്‍ ഫില്‍ സോള്‍ട്ടും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലറും ചേര്‍ന്നാണ് ഇന്നിങ്‌സ് ആരംഭിച്ചത്.

ടീം സ്‌കോര്‍ 25ല്‍ നില്‍ക്കവെ സോള്‍ട്ടിനെ ആതിഥേയര്‍ക്ക് നഷ്ടമായി. ഒമ്പത് പന്തില്‍ 13 റണ്‍സ് നേടി നില്‍ക്കവെ ഇമാദ് വസീമിന്റെ പന്തില്‍ ഷഹീന്‍ അഫ്രിദിക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് താരം വില്‍ ജാക്‌സിനെ കൂട്ടുപിടിച്ച് ബട്‌ലര്‍ സ്‌കോര്‍ ഉയര്‍ത്തി. 71 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.

23 പന്തില്‍ 37 റണ്‍സടിച്ച വില്‍ ജാക്‌സിനെ ഹാരിസ് റൗഫാണ് പുറത്താക്കിയത്. ടീം സ്‌കോര്‍ 96ല്‍ നില്‍ക്കവെയാണ് രണ്ടാം വിക്കറ്റായി വില്‍ ജാക്‌സ് മടങ്ങുന്നത്. നാലാം നമ്പറിലിറങ്ങിയ ജോണി ബെയര്‍സ്‌റ്റോ 18 പന്തില്‍ 21 റണ്‍സ് നേടി മടങ്ങി.

പിന്നാലെയെത്തിയവര്‍ക്കൊന്നും കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും മറുവശത്ത് നിന്നും ബട്‌ലര്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ടീം സ്‌കോര്‍ 165ല്‍ നില്‍ക്കവെ ആറാം വിക്കറ്റായാണ് നായകന്‍ മടങ്ങിയത്.

51 പന്തില്‍ 84 റണ്‍സാണ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സറും എട്ട് ഫോറും അടക്കം 164.71 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ലോവര്‍ ഓര്‍ഡറില്‍ നാല് പന്ത് നേരിട്ട് പുറത്താകാതെ 12 നേടിയ ജോഫ്രാ ആര്‍ച്ചറിന്റെ തകര്‍പ്പന്‍ കാമിയോയും ഇംഗ്ലണ്ടിന് തുണയായി.

പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇമാദ് വസീമും ഹാരിസ് റൗഫും രണ്ട് വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. സൂപ്പര്‍ താരം മുഹമ്മദ് റിസ്വാന്‍ ബ്രോണ്‍സ് ഡക്കായി മടങ്ങി. മോയിന്‍ അലിയുടെ പന്തില്‍ ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കിയാണ് റിസ്വാന്‍ മടങ്ങിയത്.

നിലവില്‍ മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ 13ന് ഒന്ന് എന്ന നിലയിലാണ് പാകിസ്ഥാന്‍. ഒമ്പത് പന്തില്‍ 11 റണ്‍സുമായി ബാബര്‍ അസവും ആറ് പന്തില്‍ രണ്ട് റണ്‍സുമായി സിയാം അയ്യൂബുമാണ് ക്രീസില്‍.

Content highlight: Jos Buttler smashes half century against Pakistan

We use cookies to give you the best possible experience. Learn more