എല്ലാത്തിനും നന്ദി; പലതും പറയാനുണ്ട്, എന്നാല്‍ ഇപ്പോഴില്ല; ടീം കൈവിട്ടതിന് പിന്നാലെ വികാരാധീനനായി ബട്‌ലര്‍
IPL
എല്ലാത്തിനും നന്ദി; പലതും പറയാനുണ്ട്, എന്നാല്‍ ഇപ്പോഴില്ല; ടീം കൈവിട്ടതിന് പിന്നാലെ വികാരാധീനനായി ബട്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th November 2024, 8:39 am

ഐ.പി.എല്‍ 2025ന് മുമ്പായി രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറിനെ നിലനിര്‍ത്താതിരുന്നത് ആരാധകരെ ചില്ലറയൊന്നുമല്ല നിരാശരാക്കിയത്. ടീമിനൊപ്പം ജയത്തിലും പരാജയത്തിലും ഒപ്പം നിന്ന ബട്‌ലറിനെ ആരാധകര്‍ അത്രകണ്ട് സ്‌നേഹിച്ചിരുന്നു. 2022ല്‍ രാജസ്ഥാന്‍ റോയല്‍സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയപ്പോള്‍ അതില്‍ ബട്‌ലര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ഭാവി താരങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് രാജസ്ഥാന്‍ താരങ്ങളെ നിലനിര്‍ത്തിയതോടെയാണ് ബട്‌ലറിന് ലേലത്തിലേക്കുള്ള വഴി തുറന്നത്.

ടീം തന്നെ നിലനിര്‍ത്താത്തതിന് പിന്നാലെ പ്രതികരിച്ചിരിക്കുകയാണ് ബട്‌ലര്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ബട്‌ലര്‍ വികാരാധീനനായി പ്രതികരിച്ചത്. ടീമിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളില്‍ താന്‍ ഏറെ സന്തോഷവാനായിരുന്നുവെന്നും തന്നെയും കുടുംബത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും ബട്‌ലര്‍ പറഞ്ഞു.

‘ഇത് അവസാനമാണെങ്കില്‍, രാജസ്ഥാന്‍ റോയല്‍സിനും ഏഴ് വര്‍ഷം ഒപ്പമുണ്ടായിരുന്നവര്‍ക്കും നന്ദി. 2018ാണ് എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒപ്പം ഏറെ കാലവും ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി പിങ്ക് ജേഴ്‌സിയില്‍ നിന്നും എനിക്ക് ലഭിച്ചു. എന്നെയും കുടുംബത്തെയും ഇരുകയ്യും നീട്ടി സ്വികരിച്ചതിന് ഒരുപാട് നന്ദി. ഒരുപാട് കാര്യങ്ങള്‍ ഇനിയും എഴുതാനുണ്ട്, തത്കാലം നിര്‍ത്തുന്നു,’ ബട്‌ലര്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

View this post on Instagram

A post shared by Jos Buttler (@josbuttler)

ബട്‌ലറിനെ നിലനിര്‍ത്താന്‍ സാധിക്കാത്തതിനെ കുറിച്ച് പരിശീലകനായ രാഹുല്‍ ദ്രാവിഡും സംസാരിച്ചിരുന്നു.

‘2024ലെ അതേ ടീമിനെ തന്നെയാണോ രാഹുല്‍ ദ്രാവിഡിന് പരിശീലിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നത്? ഉറപ്പായും അതെ എന്നുതന്നെയാണ് ഉത്തരം. സ്‌ക്വാഡിലെ മിക്ക താരങ്ങളെയും നിലനിര്‍ത്താന്‍ തന്നെയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ ലേലനടപടികള്‍ ചിലപ്പോള്‍ അതിന് വെല്ലുവിളിയുയര്‍ത്തും.

ജോസ് (ജോസ് ബട്‌ലര്‍), യൂസി (യൂസ്വേന്ദ്ര ചഹല്‍), ആഷ് (ആര്‍. അശ്വിന്‍), ബോള്‍ട്ട് (ട്രെന്റ് ബോള്‍ട്ട്) തുടങ്ങി പല താരങ്ങളെയും വിട്ടുകളയേണ്ടി വന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. ലേലത്തില്‍ സാധ്യമായവരെയെല്ലാം ഉറപ്പായും തിരിച്ചെത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും,’ ദ്രാവിഡ് പറഞ്ഞു.

 

രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ സഞ്ജുവിനും മുന്‍ നായകന്‍ അജിന്‍ക്യ രഹാനെക്കും കീഴില്‍ മൂന്നാമനാണ് ബട്‌ലര്‍. ടീമിനായി 3,000 റണ്‍സ് മാര്‍ക് പിന്നിട്ടതും ഇവര്‍ മാത്രമാണ്.

2018ല്‍ രാജസ്ഥാനൊപ്പം പുതിയ കരിയര്‍ ആരംഭിച്ച താരം 82 ഇന്നിങ്‌സില്‍ ടീമിനായി ബാറ്റെടുത്തിട്ടുണ്ട്. 41.84 ശരാശരിയിലും 150.60 സ്‌ട്രൈക്ക് റേറ്റിലും 3,055 റണ്‍സാണ് ബട്‌ലര്‍ നേടിയത്. രാജസ്ഥാനായി കുറഞ്ഞത് 100 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച റണ്‍ ശരാശരിയാണ് ജോസേട്ടന്റേത്.

രാജസ്ഥാനായി ഏഴ് സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സിനായി ഏറ്റവുമധികം സെഞ്ച്വറി നേടിയ താരവും ബട്‌ലര്‍ തന്നെയാണ്.

അതേസമയം, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യുവതാരങ്ങളായ യശസ്വി ജെയ്സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവര്‍ക്കൊപ്പം അണ്‍ ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയെയും റോയല്‍സ് ചേര്‍ത്തുപിടിച്ചു. ഷിംറോണ്‍ ഹെറ്റ്മെയറാണ് ടീം നിലനിര്‍ത്തിയ ഏക വിദേശ താരം.

സഞ്ജുവിനും ജെയ്സ്വാളിനും 18 കോടി വീതം ലഭിച്ചപ്പോള്‍ പരാഗിനെയും ജുറെലിനെയും 14 കോടി നല്‍കിയാണ് ടീം നിലനിര്‍ത്തിയത്. ഹെറ്റ്മെയറിനായി 11 കോടി മാറ്റിവെച്ചപ്പോള്‍ നാല് കോടിയാണ് സന്ദീപ് ശര്‍മക്ക് ലഭിച്ചത്.

ആര്‍.ടി.എം ഓപ്ഷന്‍ രാജസ്ഥാന് മുമ്പില്‍ ഇല്ലാത്തതിനാലും ഓക്ഷന്‍ പേഴ്‌സില്‍ 41 കോടി മാത്രമാണ് ഉള്ളത് എന്നതിനാലും ബട്‌ലറിനെ വീണ്ടും ടീമിലെത്തിക്കുന്നത് രാജസ്ഥാനെ സംബന്ധിച്ച് ഏറെ ശ്രമകരമായിരിക്കും. ഏങ്കിലും ആരാധകര്‍ ഇപ്പോഴും പ്രതീക്ഷകള്‍ കൈവിടുന്നില്ല.

 

Content Highlight: Jos Buttler shared emotional note after Rajasthan Royals not retaining him