എന്നാലും എന്റെ ബട്‌ലറേ, ഒന്നെങ്കിലും എടുക്കാമായിരുന്നു! നാണക്കേടിന്റെ കൊടുമുടിക്ക് മുകളില്‍ ഇനി അവന്‍ ഒറ്റയ്ക്ക്
IPL
എന്നാലും എന്റെ ബട്‌ലറേ, ഒന്നെങ്കിലും എടുക്കാമായിരുന്നു! നാണക്കേടിന്റെ കൊടുമുടിക്ക് മുകളില്‍ ഇനി അവന്‍ ഒറ്റയ്ക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 19th May 2023, 10:12 pm

വീണ്ടും നിരാശപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. ഐ.പി.എല്‍ 2023ലെ 66ാം മത്സരത്തില്‍ വീണ്ടും പൂജ്യത്തിന് പുറത്തായാണ് ബട്‌ലര്‍ നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കിയത്.

പഞ്ചാബിനെതിരെ പൂജ്യത്തിന് പുറത്തായതോടെ ഒരു സീസണില്‍ ഏറ്റവുമധികം തവണ ഡക്കായി പുറത്തായ താരം എന്ന മോശം റെക്കോഡാണ് ബട്‌ലറിനെ തേടിയെത്തിയത്. സീസണില്‍ ഇത് അഞ്ചാം തവണയാണ് ബട്‌ലര്‍ പൂജ്യനായി മടങ്ങുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതോടെ സീസണില്‍ ഏറ്റവുമധികം തവണ ഡക്കായതിന്റെ ജോയിന്റ് റെക്കോഡ് ഹോള്‍ഡറാകാനും താരത്തിന് സാധിച്ചിരുന്നു. ഹെര്‍ഷല്‍ ഗിബ്‌സ്, മിഥുന്‍ മന്‍ഹാസ് അടക്കമുള്ള താരങ്ങള്‍ക്കൊപ്പമാണ് ബട്‌ലര്‍ ഈ മോശം റെക്കോഡ് പങ്കിട്ടത്.

എന്നാല്‍ സീസണിലെ അവസാന ലീഗ് ഘട്ട മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ മോശം റെക്കോഡ് പങ്കിടാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലാണ് ബട്‌ലര്‍.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ആദ്യ മത്സരത്തിലും ഡക്കായിട്ടായിരുന്നു ബട്ലര്‍ പുറത്തായത്. ഇതിന് പുറമെ ഗുജറാത്ത് ടൈറ്റന്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവര്‍ക്കെതിരെയും ബട്‌ലര്‍ റണ്ണൊന്നും നേടാതെയാണ് മടങ്ങിയത്.

 

ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

(താരം – ടീം – വര്‍ഷം – ടോട്ടല്‍ ഡക്ക് എന്നീ ക്രമത്തില്‍)

ജോസ് ബട്ലര്‍ – രാജസ്ഥാന്‍ റോയല്‍സ് – 2023 – 5*

ഹെര്‍ഷല്‍ ഗിബ്സ് – ഡെക്കാന്‍ ചാര്‍ജേഴ്സ് – 2009 – 4

മിഥുന്‍ മന്‍ഹാസ് – പൂനെ വാറിയേഴ്സ് ഇന്ത്യ – 2011 – 4

മനീഷ് പാണ്ഡേ – പൂനെ വാറിയേഴ്സ് ഇന്ത്യ – 4

ശിഖര്‍ ധവാന്‍ – ദല്‍ഹി ക്യാപ്പിറ്റല്‍സ് – 2020 – 4

ഓയിന്‍ മോര്‍ഗന്‍ – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 2021 – 4

നിക്കോളാസ് പൂരന്‍ – പഞ്ചാബ് കിങ്സ് – 2022 – 4

പ്ലേ ഓഫ് കളിക്കാന്‍ നേരിയ സാധ്യതയെങ്കിലും തുറക്കണമെങ്കില്‍ രാജസ്ഥാന് ഈ മത്സരം വിജയിക്കേണ്ടത് അനിവാര്യമാണ്. നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

മോശം തുടക്കമായിരുന്നു പഞ്ചാബിന് ലഭിച്ചതെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ പഞ്ചാബ് സിംഹങ്ങള്‍ക്കായി. മധ്യനിരയിലെ ജിതേഷ് ശര്‍മ, സാം കറന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് പഞ്ചാബിനെ അഞ്ച് വിക്കറ്റിന് 187 എന്ന സ്‌കോറിലെത്തിച്ചത്.

സാം കറന്‍ 31 പന്തില്‍ നിന്നും പുറത്താവാതെ 49 റണ്‍സും ഷാരൂഖ് ഖാന്‍ 23 പന്തില്‍ നിന്നും പുറത്താവാതെ 41 റണ്‍സും നേടി. 28 പന്തില്‍ നിന്നും 44 റണ്‍സായിരുന്നു ജിതേഷ് ശര്‍മയുടെ സമ്പാദ്യം.

 

Content Highlight: Jos Buttler scored most number of ducks by any batter in a single season of IPL