ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 3000 റണ്‍സ് മാര്‍ക്ക് മറികടക്കുന്ന ആദ്യ ഇംഗ്ലീഷ് താരമായി രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ചെപ്പോക്കില്‍ വെച്ച് നടക്കുന്ന മത്സരത്തിനിടെയാണ് ബട്‌ലര്‍ 3000 റണ്‍സ് ക്ലബ്ബിന്റെ ഭാഗമായത്.
ചെന്നൈക്കെതിരായ മത്സരത്തിന് മുമ്പ് 84 മത്സരത്തില്‍ നിന്നും 2983 റണ്‍സായിരുന്നു ബട്‌ലറിന്റെ സമ്പാദ്യം. മത്സരത്തിലെ ആറാം ഓവറിലെ അവസാന പന്തില്‍ തുഷാര്‍ ദേശ്പാണ്ഡേക്കെതിരെ ബൗണ്ടറി നേടിയതിന് പിന്നാലെയാണ് ബട്‌ലര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിന് പുറമെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും ബട്‌ലറിനെ തേടിയെത്തിയിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് തികച്ച താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഇടം നേടാനും ബട്‌ലറിന് സാധിച്ചു. തന്റെ 85ാം ഇന്നിങ്‌സിലാണ് ബട്‌ലര്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഐ.പി.എല്ലില്‍ 75ാം ഇന്നിങ്‌സില്‍ 3000 റണ്‍സ് തികച്ച ക്രിസ് ഗെയ്‌ലും 80ാം മത്സരത്തില്‍ ഈ ക്ലബ്ബിന്റെ ഭാഗമായ സൂപ്പര്‍ താരം കെ.എല്‍. രാഹുലുമാണ് ബട്‌ലറിന് മുമ്പിലുള്ളത്.
അതേസമയം, ചെന്നൈക്കെതിരായ മത്സരത്തില്‍ ജോസ് ബട്‌ലര്‍ മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയാണ്. നിലവില്‍ 8.3 ഓവര്‍ പിന്നിട്ടപ്പോള്‍ 17 പന്തില്‍ നിന്നും 34 റണ്‍സെടുത്താണ് താരം രാജസ്ഥാന്‍ ഇന്നിങ്‌സിന്റെ നെടുംതൂണാവുന്നത്.
നിലവില്‍ രാജസ്ഥാന്‍ 83 റണ്‍സിന് രണ്ട് എന്ന നിലയിലാണ്. എട്ട് പന്തില്‍ നിന്നും പത്ത് റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും 26 പന്തില്‍ നിന്നും 38 റണ്‍സ് നേടിയ ദേവ്ദത്ത് പടിക്കലിന്റെയും വിക്കറ്റാണ് ടീമി്‌ന നഷ്ടമായത്.
Content highlight: Jos Buttler scored 3000 runs in IPL