മുന്‍ഗണന നല്‍കുന്നത് രാജസ്ഥാന്‍ റോയല്‍സിനല്ല, ഞാന്‍ പ്രാധാന്യം നല്‍കുന്നത്... തുറന്നുപറഞ്ഞ് ബട്‌ലര്‍
Sports News
മുന്‍ഗണന നല്‍കുന്നത് രാജസ്ഥാന്‍ റോയല്‍സിനല്ല, ഞാന്‍ പ്രാധാന്യം നല്‍കുന്നത്... തുറന്നുപറഞ്ഞ് ബട്‌ലര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st May 2024, 10:49 pm

ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഐ.പി.എല്ലില്‍ പങ്കെടുത്തുകൊണ്ടിരുന്ന തങ്ങളുടെ സൂപ്പര്‍ താരങ്ങളെ തിരികെ വിളിച്ചിരുന്നു. ജോസ് ബട്‌ലര്‍, മോയിന്‍ അലി, വില്‍ ജാക്സ്, ഫില്‍ സോള്‍ട്ട് എന്നിവരടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ലോകകപ്പിനായി ടൂര്‍ണമെന്റ് പാതി വഴിയില്‍ ഉപേക്ഷിച്ചപ്പോള്‍ പല ടീമുകള്‍ക്കും അത് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്.

എന്ത് വിലകൊടുത്തും കിരീടം നിലനിര്‍ത്താനുറച്ചാണ് ഇംഗ്ലണ്ട് ഐ.സി.സി ബിഗ് ഇവന്റിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കവെ നാല് മത്സരങ്ങളടങ്ങിയ ഒരു ടി-20 പരമ്പര തന്നെ കളിക്കാനാണ് ത്രീ ലയണ്‍സ് ഒരുങ്ങുന്നത്.

 

അയര്‍ലാന്‍ഡിനെതിരായ ടി-20 പരമ്പര വിജയിച്ചെത്തിയ പാകിസ്ഥാനെയാണ് ഇംഗ്ലണ്ട് ലോകകപ്പിന് മുമ്പായി നേരിടുന്നത്. ഐ.സി.സി ഇവന്റിന് മുമ്പ് പാകിസ്ഥാനും സാധ്യമായ മാച്ചുകളെല്ലാം കളിച്ച് ടീമൊരുക്കുകയാണ്.

മെയ് 22നാണ് ജോസ് ബട്ലറിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഹെഡിങ്ലിയാണ് വേദി.

ഐ.പി.എല്ലിനേക്കാള്‍ താന്‍ പ്രാധാന്യം നല്‍കുന്നത് ഇംഗ്ലണ്ട് ദേശീയ ടീമിനാണെന്ന് പറയുകയാണ് ബട്‌ലറിപ്പോള്‍.

‘ടീമിന്റെ ക്യാപ്റ്റന്‍ ആണെന്നതിനാല്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കുക എന്നതിനാണ് ഐ.പി.എല്ലിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത്. ഇംഗ്ലണ്ട് ദേശീയ ടീമിനാണ് മുന്‍ഗണന നല്‍കുന്നത്.

എന്റെ അഭിപ്രായത്തില്‍ ഐ.പി.എല്ലിന്റെ സമയത്ത് ഒരു അന്താരാഷ്ട്ര മത്സരവും ഉണ്ടാകരുത്. പാകിസ്ഥാനെതിരായ മത്സരം നേരത്തെ തന്നെ പ്ലാന്‍ ചെയ്തതാണ്. ടി-20 ലോകകപ്പിനുള്ള ഏറ്റവും മികച്ച മുന്നൊരുക്കമാണിത്,’ ബട്‌ലര്‍ പറഞ്ഞു.

പാകിസ്ഥാന്‍ – ഇംഗ്ലണ്ട് ടി-20 പരമ്പര

ആദ്യ മത്സരം – മെയ് 22, ഹെഡിങ്ലി

രണ്ടാം മത്സരം – മെയ് 25, ഓവല്‍

മൂന്നാം മത്സരം – മെയ് 28, സോഫിയ ഗാര്‍ഡന്‍സ്

അവസാന മത്സരം – മെയ് 30, ഓവല്‍

ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, സാം കറന്‍, വില്‍ ജാക്സ്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ക്രിസ് ജോര്‍ദന്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, റീസ് ടോപ്‌ലി, ടോം ഹാര്‍ട്‌ലി

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇര്‍ഫാന്‍ ഖാന്‍, സയീം അയ്യൂബ്, ഉസ്മാന്‍ ഖാന്‍, സല്‍മാന്‍ അലി ആഘാ, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷദാബ് ഖാന്‍, അസം ഖാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), അബ്ബാസ് അഫ്രിദി, അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, ഹസന്‍ അലി, മുഹമ്മദ് ആമിര്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി.

 

 

Content highlight: Jos Buttler says his main priority is to play for England