| Monday, 3rd July 2023, 3:27 pm

തീ എന്നൊക്കെ പറഞ്ഞാല്‍ കുറഞ്ഞുപോകും 🔥🔥; ക്യാപ്റ്റന്‍സി മാത്രമല്ല, സഞ്ജുവിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനവും തെറിച്ചേക്കും

സ്പോര്‍ട്സ് ഡെസ്‌ക്

വൈറ്റാലിറ്റി ബ്ലാസ്റ്റില്‍ വിക്കറ്റിന് പുറകില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ജോസ് ബട്‌ലര്‍. കഴിഞ്ഞ ദിവസം ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ലങ്കാഷെയര്‍ – നോര്‍താംപ്ടണ്‍ഷെയര്‍ മത്സരത്തിലാണ് ലങ്കാഷെയറിനായി ബട്‌ലര്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ കസറിയത്.

നോര്‍താംപ്ടണ്‍ഷെയര്‍ ഓപ്പണിങ് ബാറ്റര്‍ റിക്കാര്‍ഡോ വാസ്‌കോണ്‍സെലോസിനെ പുറത്താക്കിയ ബട്‌ലറിന്റെ ക്യാച്ചാണ് ചര്‍ച്ചയാകുന്നത്. തകര്‍പ്പന്‍ ആക്രോബാക്ടിക് സ്‌കില്ലിലൂടെയാണ് ബട്‌ലര്‍ ആ ക്യാച്ച് പൂര്‍ത്തിയാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് അടക്കമുള്ളവര്‍ ഈ ക്യാച്ചിന്റെ വീഡിയോ തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് വീഡിയോക്ക് പിന്നാലെ ഒത്തുകൂടിയത്. അടുത്ത സീസണില്‍ ജോസ് ബട്‌ലര്‍ രാജസ്ഥാന്റെ വിക്കറ്റ് കീപ്പറായി വരണമെന്ന് പോലും ആരാധകര്‍ പറയുന്നുണ്ട്.

നേരത്തെ രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറിന് നാല് വര്‍ഷത്തേക്കുള്ള കരാര്‍ വെച്ചുനീട്ടിയിരുന്നു. രാജസ്ഥാന്‍ റോയല്‍സിനും റോയല്‍സിന്റെ മറ്റ് ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി കളിക്കുന്നതിന് പത്ത് കോടിയുടെ ഓഫറാണ് ടീം മുമ്പോട്ട് വെച്ചത്. നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനും എസ്.എ20യില്‍ പാള്‍ റോയല്‍സിന്റെയും താരമാണ് ബട്‌ലര്‍.

ഇത് ടീമിനെ ഒന്നാകെ ഉടച്ചുവാര്‍ക്കാനുള്ള മാനേജ്‌മെന്റിന്റെ ശ്രമമാണെന്നും അടുത്ത സീസണ്‍ മുതല്‍ ക്യാപ്റ്റന്‍സി ബ്ടലറിനെ ഏല്‍പിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം, നോര്‍താംപ്ടണ്‍ഷെയറിനെതിരായ വിജയത്തിന് പിന്നാലെ വൈറ്റാലിറ്റി ബ്ലാസ്റ്റിന്റെ ക്വാര്‍ട്ടറിന് യോഗ്യത നേടാനും ലങ്കാഷെയറിനായി. ആറ് വിക്കറ്റിനായിരുന്നു ലങ്കാഷെയറിന്റെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നോര്‍താംപ്ടണ്‍ഷെയര്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സാണ് നേടിയത്. 25 പന്തില്‍ നിന്നും 35 റണ്‍സ് നേടിയ ക്രിസ് ലിന്നും 26 പന്തില്‍ 34 റണ്‍സടിച്ച ജസ്റ്റിന്‍ ബ്രോഡുമാണ് നോര്‍താംപ്ടണ്‍ഷെയറിനായി മികച്ച രീതിയില്‍ ബാറ്റ് വീശിയത്. എന്നാല്‍ മറ്റുള്ള താരങ്ങളില്‍ നിന്നും പിന്തുണ ലഭിക്കാതെ പോയതോടെ സ്‌കോര്‍ 138ല്‍ ഒതുങ്ങി.

ലങ്കാഷെയറിനായി ലൂക് വുഡ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍, ടോം ബെയ്‌ലി, ക്യാപ്റ്റന്‍ ലിയാം ലിവിങ്‌സ്റ്റണ്‍, ലൂക് വെല്‍സ്, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കാഷെയറിനായി ഓപ്പണര്‍ ഫില്‍ സോള്‍ട്ട് തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 51 പന്തില്‍ നിന്നും പുറത്താകാതെ 74 റണ്‍സടിച്ചാണ് സോള്‍ട്ട് ലങ്കാഷെയറിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. 20 പന്തും ആറ് വിക്കറ്റും കയ്യിലിരിക്കെ ലങ്കാഷെയര്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

നിലവില്‍ 14 മത്സരത്തില്‍ നിന്നും എട്ട് വിജയവുമായി നോര്‍ത്ത് ഗ്രൂപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ലങ്കാഷെയര്‍. ജൂലൈ ഏഴിനാണ് ലങ്കാഷെയറിന്റെ അടുത്ത മത്സരം, ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ സറേയാണ് എതിരാളികള്‍.

Content highlight: Jos Buttler’s stunning catch in Vitality Blast

We use cookies to give you the best possible experience. Learn more