| Thursday, 20th April 2023, 9:03 am

സഞ്ജുവിന്റെ രാജസ്ഥാനിലായതുകൊണ്ടുമാത്രം മലയാളികളുടെ തെറിവിളി കേള്‍ക്കാതെ രക്ഷപ്പെട്ടു; മറ്റേതെങ്കിലും ടീമില്‍ ആയിരുന്നുവെങ്കില്‍...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. ഹോം സ്‌റ്റേഡിയമായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ പത്ത് റണ്‍സിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. സീസണില്‍ രാജസ്ഥാന്റെ രണ്ടാം തോല്‍വിയാണിത്.

നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ ലഖ്‌നൗവിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ലഖ്‌നൗവിനായി ഓപ്പണര്‍ കൈല്‍ മയേഴ്‌സ് അര്‍ധ സെഞ്ച്വറിയടിച്ചപ്പോള്‍ കെ.എല്‍. രാഹുല്‍ പതിവുപോലെ സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച് സ്‌കോര്‍ ഉയര്‍ത്തി. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് ലഖ്‌നൗ നേടിയത്.

രാജസ്ഥാന്റെ ബാറ്റിങ് യൂണിറ്റിനെ സംബന്ധിച്ച് ഈ സ്‌കോര്‍ വളരെ ചെറുതാണെന്നും റോയല്‍സ് ഈ ലക്ഷ്യം അനായാസം മറികടക്കുമെന്നും ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിക്കൊണ്ടാണ് രാജസ്ഥാന്‍ നിര തകര്‍ന്നടിഞ്ഞത്.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളിലൊന്നായ ജോസ്-സ്വാള്‍ ഡുവോക്കും തങ്ങളുടെ പേരിനും പെരുമക്കും ഒത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. സാധാരണ ഗതിയില്‍ വെടിക്കെട്ട് നടത്താറുള്ള ഇരുവരും വളരെ പതുക്കെയായിരുന്നു റണ്‍സ് ഉയര്‍ത്തിയത്. ഇതില്‍ എടുത്ത് പറയേണ്ടത് ബട്‌ലറിന്റെ മെല്ലെപ്പോക്ക് തന്നെയാണ്.

41 പന്തില്‍ നിന്നും നാല് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 40 റണ്‍സ് മാത്രമാണ് ബട്‌ലര്‍ നേടിയത്. സിക്‌സറും ബൗണ്ടറികളുമായി കളം നിറഞ്ഞാടിയിരുന്ന ബട്‌ലറിന് പകരം പൂര്‍ണമായും നിറം മങ്ങിയ ബട്‌ലറിനെയായിരുന്നു ആരാധകര്‍ കണ്ടത്. ഒരുപക്ഷേ, ക്രീസില്‍ നിലയുറപ്പിച്ച ശേഷം ബട്‌ലറിന്റെ ബാറ്റില്‍ നിന്നും പിറന്ന സ്ലോവസ്റ്റ് ഇന്നിങ്‌സായിരിക്കാം ഇത്.

ജോസ് ബട്‌ലര്‍ സ്‌കോര്‍ കണ്ടെത്തിയ കഴിഞ്ഞ പത്ത് മത്സരത്തിലെ ഏറ്റവും മോശം രണ്ടാമത്തെ സ്‌ട്രൈക്ക് റേറ്റാണിത്. കഴിഞ്ഞ സീസമില്‍ പ്ലേ ഓഫിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിയുള്ള മത്സരത്തിലാണ് ബട്‌ലര്‍ ഇതിന് മുമ്പ് നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റ് സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്ക് ബട്‌ലറിന്റെ മെല്ലെപ്പോക്കും ഒരു കാരണമായിട്ടുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. നാല് പന്ത് അധികം ലഭിച്ചിരുന്നുവെങ്കില്‍ രാജസ്ഥാന്‍ തീര്‍ച്ചയായും വിജയിക്കുമെന്നും അവര്‍ പറയുന്നു.

കെ.എല്‍. രാഹുലിന്റെയും ഡേവിഡ് വാര്‍ണറിന്റെയും മെല്ലെപ്പോക്കിനെ വിമര്‍ശിക്കുന്ന പലരും ജോസ് ബട്‌ലറിനെതിരെ വിമര്‍ശനമുയര്‍ത്തിയില്ല എന്നതും രസകരമായ വസ്തുതയാണ്. ഇരുവരെയും പോലെ സ്ഥിരമായി സെന്‍സിബിള്‍ ഇന്നിങ്‌സ് കളിക്കാറില്ലെങ്കിലും, സ്വന്തം നേട്ടത്തേക്കാളേറെ ടീമിന്റെ നേട്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന താരമാണ് ബട്‌ലറെങ്കിലും കഴിഞ്ഞ ദിവസത്തെ മെല്ലെ പോക്കിനെ വിമര്‍ശിക്കണെന്ന് തന്നെയാണ് ആരാധകര്‍ പറയുന്നത്.

മിഡില്‍ ഓര്‍ഡറിലെ തകര്‍ച്ചയും ടീമിന്റെ തോല്‍വിയുടെ കാരണങ്ങളിലൊന്നാണ്. എത്ര ഫ്‌ളോപ്പായാലും പടിക്കലിനെയും പരാഗിനെയും പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റില്ല എന്ന മാനേജ്‌മെന്റിന്റെ വാശിയും കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ കാരണമായി ചൂണ്ടിക്കാട്ടാം.

ലഖ്‌നൗവിനെതിരെ പരാജയപ്പെട്ടെങ്കിലും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം രാജസ്ഥാന്‍ നിലനിര്‍ത്തുകയാണ്. ആറ് മത്സരത്തില്‍ നിന്നും നാല് വിജയവുമായി എട്ട് പോയിന്റാണ് രാജസ്ഥാനുള്ളത്.

Content Highlight: Jos Buttler’s slow innings against Lucknow Super Giants

We use cookies to give you the best possible experience. Learn more