| Wednesday, 11th January 2023, 3:42 pm

ടൂര്‍ണമെന്റിലെ ആദ്യ ഫോര്‍, ആദ്യ സിക്‌സര്‍, ആദ്യ ഫിഫ്റ്റി; 'സൗത്ത് ആഫ്രിക്കയുടെ ഐ.പി.എല്ലില്‍' റോയല്‍സിനായി ജോസേട്ടന്റെ ആറാട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ 20 ലീഗില്‍ വെടിക്കെട്ടോടെ തുടങ്ങി സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. പാള്‍ റോയല്‍സിന് വേണ്ടിയാണ് ബട്‌ലര്‍ എസ്.എ20യില്‍ കളത്തിലിറങ്ങുന്നത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമയായ മനോജ് ബദാലെ തന്നെയാണ് പാള്‍ റോയല്‍സിന്റെയും ഉടമ.

ടൂര്‍ണമെന്റ് മാറിയാലും കളിക്കുന്ന ലീഗ് മാറിയാലും തനിക്കൊരു മാറ്റവും വരില്ല എന്ന് അടിവരയിടുന്ന പ്രകടനമായിരുന്നു ജോസ് ബട്‌ലര്‍ നടത്തിയത്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ എം.ഐ കേപ് ടൗണും പാള്‍ റോയല്‍സും തമ്മില്‍ നടന്ന കളിയിലായിരുന്നു ബട്‌ലര്‍ വീണ്ടും തന്റെ ക്ലാസ് വ്യക്തമാക്കിയത്.

ടോസ് നേടിയ കേപ് ടൗണ്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിഹാന്‍ ലുബെക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ബട്‌ലറിന്റെ ബാറ്റില്‍ നിന്നായിരുന്നു ടൂര്‍ണമെന്റിലെ ആദ്യ ബൗണ്ടറി പിറന്നത്. പിന്നാലെ ആദ്യ സിക്‌സറും ആദ്യ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയതും ബട്‌ലര്‍ തന്നെ.

42 പന്തില്‍ നിന്നും 51 റണ്‍സ് നേടിയാണ് ബട്‌ലര്‍ പുറത്തായത്. ആറ് ബൗണ്ടറിയും ഒരു സിക്‌സറുമായിരുന്നു ബട്‌ലറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഒടുവില്‍ ഒല്ലി സ്റ്റോണിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായിട്ടായിരുന്നു ബട്‌ലറിന്റെ മടക്കം.

ബട്‌ലറിന് പുറമെ ക്യാപ്റ്റന്‍ ഡേവിഡ് മില്ലറും തകര്‍ത്തടിച്ചിരുന്നു. 31 പന്തില്‍ നിന്നും 42 റണ്‍സായിരുന്നു മില്ലര്‍ നേടിയത്.

ടൂര്‍ണമെന്റിലെ ആദ്യ ഫോറും ആദ്യ സിക്‌സറും ആദ്യ ഫിഫ്റ്റിയും സ്വന്തമാക്കിയെങ്കിലും ആദ്യ വിജയം സ്വന്തമാക്കാന്‍ ബട്‌ലറിനായില്ല. ബട്‌ലറും മില്ലറും ചേര്‍ന്ന് കെട്ടിപ്പൊക്കിയ സ്‌കോര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫ്രാഞ്ചസിയായ എം.ഐ കേപ് ടൗണ്‍ മറികടക്കുകയായിരുന്നു.

ഡെവാള്‍ഡ് ബ്രെവിസിന്റെയും റിയാന്‍ റിക്കല്‍ട്ടണിന്റെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് കേപ് ടൗണ്‍ അനായാസ വിജയം സ്വന്തമാക്കിയത്. നിലവിലെ പോയിന്റ് പട്ടികയില്‍ കേപ് ടൗണ്‍ ഒന്നാമതും റോയല്‍സ് അവസാന സ്ഥാനത്തുമാണ്.

ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സും ജോബര്‍ഗ് സൂപ്പര്‍ കിങ്‌സും തമ്മിലാണ് ലീഗിലെ അടുത്ത മത്സരം. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ കിങ്‌സ്മീഡാണ് വേദി.

Content Highlight: Jos Buttler’s incredible innings in SA20

We use cookies to give you the best possible experience. Learn more