എവിടെ നിര്‍ത്തിയോ, അവിടുന്ന് തന്നെ തുടങ്ങിയെന്ന് പോയി പറ... ഓറഞ്ച് ക്യാപ്പിനായി ജോസേട്ടന്‍ വീണ്ടും ആറാടുകയാണ്
IPL
എവിടെ നിര്‍ത്തിയോ, അവിടുന്ന് തന്നെ തുടങ്ങിയെന്ന് പോയി പറ... ഓറഞ്ച് ക്യാപ്പിനായി ജോസേട്ടന്‍ വീണ്ടും ആറാടുകയാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd April 2023, 4:46 pm

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ആദ്യ ആറ് ഓവറില്‍ 85 റണ്‍സ് നേടിയാണ് രാജസ്ഥാന്‍ റോയല്‍സ് കത്തിക്കയറിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ അക്ഷരാര്‍ത്ഥത്തില്‍ തീയാവുകയായിരുന്നു. എന്നത്തേയും പോലെ ജോസ് ബട്‌ലറിന്റെ വെടിക്കെട്ടിനാണ് ഐ.പി.എല്‍ സാക്ഷിയായത്.

സണ്‍റൈസേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍, അവരുടെ സ്വന്തം കാണികള്‍ക്ക് മുമ്പിലിട്ട് ബൗളര്‍മാരെ ഒരു ദാക്ഷിണ്യവുമില്ലാതെയായിരുന്നു മലയാളികളുടെ ജോസേട്ടന്‍ തല്ലിച്ചതച്ചത്.

ആറാം ഓവറിലെ അഞ്ചാം പന്തില്‍ ആദ്യ വിക്കറ്റായി ബട്‌ലര്‍ പുറത്താകുമ്പോഴേക്കും താരം അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പുറത്താകുമ്പോള്‍ 22 പന്തില്‍ നിന്നും 54 റണ്‍സായിരുന്നു ബട്‌ലറിന്റെ സമ്പാദ്യം.

ഏഴ് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടെ കത്തിക്കയറുമ്പോഴായിരുന്നു ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ ബട്‌ലര്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയത്.

245.45 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബട്‌ലറിന്റെ വിളയാട്ടം.

കഴിഞ്ഞ സീസണില്‍ അവസാനിപ്പച്ചത് എവിടെ വെച്ചാണോ, അവിടെ വെച്ച് തന്നെയാണ് ബട്‌ലര്‍ ഇത്തവണയും തുടങ്ങിയത്. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്ണടിച്ച് താന്‍ സ്വന്തമാക്കിയ ഓറഞ്ച് ക്യാപ്പ് ഇത്തവണയും തന്റെ തലയിലുണ്ടാകുമെന്ന സൂചനയാണ് താരം നല്‍കുന്നത്.

ബട്‌ലറിന് പുറമെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും അര്‍ധ സെഞ്ച്വറി നേടി. 34 പന്തില്‍ നിന്നും എട്ട് ബൗണ്ടറിയോടെയാണ് ജെയ്‌സ്വാള്‍ ഫിഫ്റ്റി തികച്ചത്.

നിലവില്‍ 12 ഓവര്‍ പിന്നിടുമ്പോള്‍ ഒറ്റ വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. ഫിഫ്റ്റി തികച്ച ജെയ്‌സാളിന് പുറമെ 16 പന്തില്‍ നിന്നും രണ്ട് വീതം സിക്‌സറും ബൗണ്ടറിയുമായി പുറത്താകാതെ 30 റണ്‍സ് നേടിയ സഞ്ജു സാംസണാണ് ക്രീസിലുള്ളത്.

 

Content Highlight: Jos Buttler’s incredible innings against Sunrisers Hyderabad