| Monday, 21st October 2024, 9:13 pm

ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; വെസ്റ്റ് ഇന്‍ഡീസിനെതിരെ സ്റ്റാര്‍ ബാറ്റര്‍ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പര ഒക്ടോബര്‍ 31 മുതല്‍ നടക്കാനിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ കനത്ത തിരിച്ചടിയാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന് സംഭവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍ പരിക്കിനെ തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പുറത്തായിരിക്കുകയാണ്.

ബട്‌ലറിന്റെ അഭാവത്തില്‍ ലിയാം ലിവിങ്സ്റ്റണ്‍ ആണ് ത്രീ ലയണ്‍സിനെ നയിക്കുന്നത്. ആദ്യമായാണ് ലിയാം ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ നായകനായി എത്തുന്നത്. ഓസ്‌ട്രേലിയക്ക് എതിരായ പരമ്പരയില്‍ ഹാരി ബ്രൂക് ആയിരുന്നു ഏകദിന ക്യാപ്റ്റന്‍ ഫീല്‍ സാള്‍ട്ട് ടി-20യുടെ ചുമതലയും ഏറ്റിരുന്നു.

കഴിഞ്ഞ മാസം ഓസ്‌ട്രേലിയക്കെതിരായ വൈറ്റ് ബോള്‍ പര്യടനത്തില്‍ കാലിന് പരിക്കേറ്റ ബട്‌ലര്‍ ഇതുവരെ സുഖം പ്രാപിച്ചിട്ടില്ല. ഇതോടെ താരത്തിന്റെ തിരിച്ചുവരവിന് കൂടുതല്‍ സമയം ആവശ്യമായതുകൊണ്ടാണ് വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

പരമ്പരയിലെ രണ്ടാം ഏകദിനം നവംബര്‍ രണ്ടിനും മൂന്നാം മത്സരം നവംബര്‍ ആറിനും നടക്കും. എന്നിരുന്നാലും നവംബര്‍ 10ന് ആരംഭിക്കുന്ന അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ജോസ് തിരിച്ചെത്തുമെന്നാണ് വിശ്വസിക്കുന്നത്.

ഇതുവരെ ഇന്റര്‍നാഷണല്‍ ഏകദിനത്തില്‍ 181 മത്സരത്തില്‍ നിന്നും 5022 റണ്‍സ് ബട്‌ലര്‍ നേടിയിട്ടുണ്ട്. അതില്‍ 162 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 11 സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. ടി ട്വന്റിയിലെ 124 മത്സരത്തില്‍ നിന്ന് 3264 റണ്‍സും 101 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റില്‍ 57 മത്സരത്തിലെ 100 ഇന്നിങ്‌സില്‍ 2907 റണ്‍സും ബട്ട്‌ലറിനുണ്ട്. ഐ.പി.എല്ലില്‍ സഞ്ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണര്‍ ബാറ്ററാണ് ബട്‌ലര്‍.

Content Highlight: Jos Buttler Ruled Out In Bilateral Series Against West Indies

We use cookies to give you the best possible experience. Learn more