| Monday, 20th December 2021, 5:51 pm

എന്നെക്കാള്‍ ഗതികെട്ടവന്‍ വേറെ ആരെങ്കിലും ഉണ്ടാവുമോ എന്റെ കര്‍ത്താവേ; ആഷസില്‍ വീണ്ടും നാണം കെട്ട് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസിന്റെ രണ്ടാം ടെസ്റ്റില്‍ വീണ്ടും നാണം കെട്ട് ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ സിംപിളായ രണ്ട് ക്യാച്ച് വിട്ടുകളഞ്ഞതിന്റെ പേരിലാണ് പഴി കേള്‍ക്കേണ്ടി വന്നതെങ്കില്‍ ഇത്തവണ അത് ഹിറ്റ് വിക്കറ്റിലൂടെയാണെന്ന വ്യത്യാസം മാത്രമാണുള്ളത്.

ആഷസില്‍ ഓസീസിനോട് എങ്ങനെയെങ്കിലും ജയിച്ച് ദുഷ്പേര് മാറ്റിയെടുക്കാമെന്ന് ഇംഗ്ലണ്ട് കരുതുമ്പോഴാണ് ബട്‌ലറിന്റെ ഡിസ്മിസല്‍. 207 പന്ത് നേരിട്ട് 26 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് താരം ഔട്ടാവുന്നത്.

ജെയ് റിച്ചാര്‍ഡ്‌സണിന്റെ പന്ത് ബാക്ക്ഫൂട്ടിറങ്ങി ഡിഫന്റ് ചെയ്യാന്‍ ശ്രമിച്ച ബട്‌ലറിന് പിഴയ്ക്കുകയായിരുന്നു. സിംഗിളിനായി ക്രീസ് വിട്ടോടാന്‍ തുടങ്ങിയപ്പോഴാണ് ബട്‌ലര്‍ കാര്യം മനസിലാക്കിയത്.

ഔട്ടായതിന് ശേഷം പവലിയനിലേക്ക് പോകുന്നതിന് മുമ്പായി വിക്കറ്റിനെ ദയനീയമായി ഒന്ന് നോക്കിയ ശേഷമാണ് ബട്‌ലര്‍ കളം വിട്ടത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ആദ്യ ഇന്നിംഗ്‌സില്‍ ആക്രോബാക്ടിക് സ്‌കില്ലിലൂടെ സൂപ്പര്‍മാനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ക്യാച്ചെടുത്ത് പ്രശംസ നേടിയ താരം, അതേ ഇന്നിംഗ്‌സില്‍ തന്നെ 2 ക്യാച്ച് വിട്ടു കളഞ്ഞ് പഴിയും കേട്ടിരുന്നു.

ഓസ്‌ട്രേലിയയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് അടക്കമുള്ളവര്‍ ബട്‌ലറിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

അതേസമയം, മത്സരം ജയിക്കാന്‍ സാധ്യമായതെന്തും ചെയ്യും എന്ന അവസ്ഥയിലായിരുന്നു ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. കഴിഞ്ഞ ദിവസം, കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലുള്ള ശിക്ഷ ഒഴിവാക്കാന്‍ പേസര്‍ ഒല്ലി റോബിന്‍സണെക്കൊണ്ട് ഓഫ്‌സ്പിന്‍ വരെ റൂട്ട് എറിയിച്ചിരുന്നു. പക്ഷേ, കളി ജയിക്കാന്‍ ഇംഗ്ലണ്ടിനായില്ല.

ബട്‌ലറിന് പിന്നാലെ അഞ്ച് പന്ത് മാത്രം നേരിട്ട് ജയിംസ് ആന്‍ഡേഴ്‌സണ്‍ കൂടാരം കയറിയപ്പോള്‍ 275 റണ്‍സിനാണ് ഓസീസ് മത്സരം ജയിച്ചത്.

5 മത്സരങ്ങളുടെ പരമ്പരയില്‍ 2-0ന് ഓസീസ് ലീഡ് ചെയ്യുകയാണ്. ഡിസംബര്‍ 26ന് ബോക്‌സിംഗ് ഡേയിലാണ് ഇരുവരും ഏറ്റുമുട്ടുന്നത്. പ്രസിദ്ധമായ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം
Content Highlight: Jos Buttler out HIT WICKET after 207-ball 26,

We use cookies to give you the best possible experience. Learn more