2025ലെ എസ്.എ20 ടൂര്‍ണമെന്റില്‍ പാള്‍ റോയല്‍സ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പാള്‍ റോയല്‍സിലെ മിന്നും ഇംഗ്ലണ്ട് താരം ജോസ് ബട്‌ലര്‍ 2025 സീസണില്‍ ടൂര്‍ണമെന്റില്‍ ഉണ്ടാവില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചത്. റോയല്‍ ഫാമിലിയിലെ മിന്നും താരമായ ബട്‌ലറിനെ ഉദ്ഘാടന സീസണില്‍ അഞ്ച് ലക്ഷം യു.എസ് ഡോളറിനാണ് ടീമില്‍ എത്തിച്ചത്.
ഇംഗ്ലണ്ടിന് വേണ്ടി മത്സരങ്ങള്‍ കളിക്കാനുള്ളതിനാലാണ് താരം ലീഗില്‍ നിന്നും പിന്‍മാറിയത്.
2025 ജനുവരി 9 മുതല്‍ ഫെബ്രുവരി 8വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. എന്നാല്‍ ജനുവരി 22നും ഫെബ്രുവരി 12നും ഇടയില്‍ ഇംഗ്ലണ്ടിന് ഇന്ത്യയുമായി അഞ്ച് ടി-20ഐയും മൂന്ന് ഏകദിന മത്സരങ്ങളും ഉണ്ട്. ഇതോടെ പാള്‍ റോയല്‍സിന്റെ എക്സ് അക്കൗണ്ടില്‍ ഒരു വീഡിയോ സന്ദേശത്തിലൂടെ എസ്.എ20യില്‍ തനിക്ക് കളിക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്ന് പറഞ്ഞ് രംഗത്ത് വരികയായിരുന്നു താരം.
‘ഇത് പാള്‍ റോയല്‍സ് ആരാധകര്‍ക്കുള്ള സന്ദേശമാണ്. ഈ വര്‍ഷം ഞാന്‍ എസ്.എ-20യിലേക്ക് തിരികെ വരുന്നതില്‍ നിരാശനാണ്. എനിക്ക് ഇംഗ്ലണ്ടിന്റെ ചില മത്സരങ്ങള്‍ ഉണ്ട്, എന്റെ മുഴുവന്‍ ശ്രദ്ധയും അവിടെ ആയിരിക്കും. ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാത്തത് ലജ്ജാകരമാണെന്ന് അറിയാം.
ടൂര്‍ണമെന്റിനോട് എനിക്ക് ഒരുപാട് സ്‌നേഹമുണ്ട്. പാള്‍ റോയല്‍സിനും പ്രത്യേകിച്ച് പാള്‍ റോയല്‍സ് ആരാധകര്‍ക്കും വലിയ സ്‌നേഹമാണ്. മത്സരത്തില്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു, ഭാവിയില്‍ എനിക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ ബട്ട്ലര്‍ റോയല്‍സിന്റെ എക്സ് അക്കൗണ്ടില്‍ പറഞ്ഞു.
2024 എസ്.എ20 ടൂര്‍ണമെന്റില്‍ പാള്‍ റോയല്‍സിന് വേണ്ടി 40.80 ശരാശരിയില്‍ 408 റണ്‍സാണ് ബട്ട്ലര്‍ നേടിയത്. 2023ല്‍ 391 റണ്‍സും താരത്തിന് ഉണ്ട്. ജോസ് ബട്ട്ലറിന്റെ പകരക്കാരനായി ഇന്‍ന്ത്യന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്കിനെയാണ് റോയല്‍സ് ടീമിലെത്തിച്ചത്.
പതിനേഴാം സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ താരം കളിക്കളത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നും എസ്.എ20യില്‍ കളിക്കുന്ന ആദ്യ താരവും കാര്‍ത്തിക്കാണ്.
Content Highlight: Jos Buttler Not Joining At SA20 League