ക്രിക്കറ്റ് ലോകത്ത് ഏറ്റവും മാന്യനായ കളിക്കാരുടെ ലിസ്റ്റിലുള്ള താരമാണ് ഇംഗ്ലണ്ടിന്റെ പുതിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍. കളിക്കളത്തിനകത്തായാലും പുറത്തായാലും എന്നും കൂളായാണ് അദ്ദേഹത്തെ കാണപ്പെടാറുള്ളത്.
എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ശേഷമുള്ള പ്രസ് മീറ്റില്‍ തന്റെ ക്ഷമ കൈവിടുകയായിരുന്നു. ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രിത് ബുംറയാണോ ഏറ്റവും മികച്ച പേസറെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴായിരുന്നു താരത്തിന്റെ ക്ഷമ നശിച്ചത്.
ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിന് ശേഷമായിരുന്നു സംഭവം നടന്നത്. മത്സരത്തില്‍ ബുംറ തന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം നടത്തിയിരുന്നു. 19 റണ്‍സിന് ആറ് ഇംഗ്ലണ്ട് ബാറ്റര്‍മാരെയാണ് ബുംറ തിരിച്ചയച്ചത്.
ബുംറ മികച്ചതാണൊ എന്ന ചോദ്യത്തിന് ബട്‌ലര്‍ ആദ്യം ഉത്തരം കൊടുത്തിരുന്നു. എന്നാല്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ നിങ്ങള്‍ തന്നെ തീരുമാനിച്ചോളാന്‍ പറയുകയായിരുന്നു ബട്‌ലര്‍.
‘അദ്ദേഹം ഒരു മികച്ച ബൗളറാണെന്നതില്‍ സംശയമില്ല. ഏതാനും വര്‍ഷങ്ങളായി ലോകത്തെ മുന്‍നിര ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അവന്‍ അവന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കുകയാണ്, ഇന്ത്യക്കെതിരെ കളിക്കുന്നത് നല്ലയൊരു അനുഭവമാണ്, ഈ മികച്ച ബൗളര്‍മാരെയും ബാറ്റര്‍മാരെയും നിങ്ങള്‍ക്ക് നേരിടാം.
അതുകൊണ്ടാണ് മികച്ച ടീമിനെതിരെ സ്വയം ചലഞ്ച് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത്. ബുറ മികച്ചവരില്‍ ഒരാളാണ് എന്നതില്‍ സംശയമില്ല, എന്നാല്‍ വ്യാഴാഴ്ച അദ്ദേഹത്തെ മികച്ച രീതിയില്‍ നേരിടാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണ്,’ ബട്ട്ലര്‍ പറഞ്ഞു
ഇങ്ങനെയായിരുന്നു ബട്‌ലര്‍ ബുംറയെ കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്. എന്നാല്‍ ചോദ്യ കര്‍ത്താവ് വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖം മാറുകയും നിങ്ങള്‍ തന്നെ തീരുമാനിച്ചോളാന്‍ പറയുകയായിരുന്നു. വീഡിയോ കാണാം.
ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമെന്ന് വാഴ്ത്തപ്പെടുന്ന ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഇന്ത്യ നടത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 110 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ഇന്ത്യക്കായി ജസ്പ്രിത് ബുംറ ആറും മുഹമ്മദ് ഷമി മൂന്നും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ വെറും 18.4 ഓവറില്‍ മത്സരം വിജയിക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും പുറത്താകാതെ നിന്നു. രോഹിത് 58 പന്തില്‍ 74 റണ്‍സുമായി തകര്‍ത്തടിച്ചപ്പോള്‍ 54 പന്തില്‍ 31 റണ്‍സുമായി ധവാന്‍ മികച്ച സപ്പോര്‍ട്ട് നല്‍കി.