| Sunday, 7th April 2024, 9:33 am

ജയിക്കാന്‍ ഒരു റണ്‍സ്, സെഞ്ച്വറിക്ക് ആറ് റണ്‍സ്; വിരാടിനെ നോക്കുകുത്തിയാക്കി ജോസേട്ടന്‍ ഐതിഹാസിക നേട്ടത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ സഞ്ജുവിന്റെ രാജസ്ഥാന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. മന്‍സിങ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബെംഗളൂരുവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് ബെംഗളൂരുവിന് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ 19.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു രാജസ്ഥാന്‍.

ഓപ്പണര്‍ ജോസ് ബട്‌ലറിന്റെ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു ടീമിന്റെ വിജയം എളുപ്പമാക്കിയത്. 58 പന്തില്‍ നിന്ന് നാല് സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിക്കൊണ്ട് ടീമിനെ വിജയിപ്പിക്കുകയായിരുന്നു ബട്‌ലര്‍.

അവസാന ഓവറില്‍ ടീമിന് വിജയിക്കാന്‍ വേണ്ടത് ഒരു റണ്‍സും ജോസിന് സെഞ്ച്വറി നേടാന്‍ വേണ്ടത് ആറ് റണ്‍സും എന്ന അവസ്ഥയായിരുന്നു. കാമറൂണ്‍ ഗ്രീനിന്റെ ആദ്യ പന്തില്‍ സിക്‌സര്‍ പായിച്ചാണ് ബട്‌ലര്‍ ഏവരേയും അമ്പരപ്പിച്ചത്. മത്സരത്തില്‍ പ്ലെയര്‍ ആഫ് ദി മാച്ചും താരമായിരുന്നു. അതേ സമയം ബെംഗളൂരുവിന് വേണ്ടി വിരാട് നേടിയ സെഞ്ച്വറി പാഴാകുകയാണ്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കുകയാണ് ബട്‌ലര്‍. ഐ.പി.എല്ലില്‍ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമാകാനാണ് ബട്‌ലറിന് സാധിച്ചത്

വിരാട് കോഹ്‌ലി – 5

ജോസ് ബട്‌ലര്‍ – 6*

ക്രിസ് ഗെയില്‍ – 6

ഡേവിഡ് വാര്‍ണര്‍ – 4

72 പന്തില്‍ നിന്ന് നാല് സിക്‌സറും 12 ഫോറും ഉള്‍പ്പെടെ 113 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. താരത്തിന് ഐ.പി.എല്‍ കരിയറിലെ 8ാം സെഞ്ച്വറി പൂര്‍ത്തിയാക്കാനും സാധിച്ചു. സെഞ്ച്വറി നേടിയിട്ടും തോല്‍വി വഴങ്ങുന്ന മൂന്നാമത്തെ മത്സരമാണിത്.

ബെംഗളൂരുവിന്റെ ക്യാപ്റ്റനെയും സൗരവ് ചൗഹാനെയും ആര്‍.ആര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലാണ് പുറത്താക്കിയത്. കൂടാതെ നാന്ദ്രെ ബര്‍ഗര്‍ മാര്‍ക്‌സ് വെല്ലിനെ ഒരു റണ്‍സിനും പുറത്താക്കി.

ബെംഗളൂരുവിനെ പൊളിച്ചടക്കി റീസ് ടോപ്ലേ രണ്ട് വിക്കറ്റും യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇതോടെ പോയിന്റ് ടേബിളില്‍ 8 പോയിന്റ് നേടി രാജസ്ഥാനാണ് മുന്നില്‍.

Content Highlight: Jos Buttler In Record Achievement

We use cookies to give you the best possible experience. Learn more