കഴിഞ്ഞദിവസം അബുദാബി ടി-10ല്‍ നടന്ന മത്സരത്തില്‍ ഡെക്കാന്‍ ഗ്ലാഡിയേറ്റേഴ്‌സ് തകര്‍പ്പന്‍ വിജയം. ഏഴ് വിക്കറ്റിനാണ് ടീം ചെന്നൈ ബ്രേവ്‌സിനെതിരെ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഗ്ലാഡിയേറ്റേഴ്‌സ് ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 141 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലാഡിയേറ്റേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് നാലാമനായി ഇറങ്ങിയ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറാണ്. 24 പന്തില്‍ നിന്നും ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് ആണ് താരം അടിച്ചെടുത്തത്.
പുറത്താകാതെ 258.33 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. മത്സരത്തിലെ താരവും ബട്‌ലറാണ്. അടുത്തിടെയായി മികച്ച ഫോമിലാണ് ജോസ് ബട്‌ലര്‍.
2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് താരത്തെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മെഗാ ലേലത്തിലേക്ക് വിട്ടയച്ചിരുന്നു. നിലവില്‍ താരത്തിന്റെ പ്രകടനം ഐ.പി.എല്ലിന് മുന്നോടിയായ ഒരു സൂചന മാത്രമാണ്.
ബട്‌ലറിന് പുറമേ ടോം കോളര്‍ കാഡ്‌മോര്‍ 24 പന്തില്‍ നാല് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 51 റണ്‍സ് നേടിയിരുന്നു.
ചെന്നൈക്ക് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ചത് ക്രിസ് ലിന്നും റാസി വാന്‍ ഡര്‍ ഡസനുമാണ്. ക്രിസ് 28 പന്തില്‍ നിന്ന് മൂന്ന് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സ് നേടിയാണ് തകര്‍ത്ത് അടിച്ചത്. 242.85 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
റാസി 29 പന്തില്‍ നിന്നും അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവച്ചു. ഓപ്പണര്‍ ജോഷ്വ ബ്രോണ്‍ രണ്ട് റണ്‍സിന് പുറത്തായിരുന്നു.
ഗ്ലാഡിയേറ്റേഴ്‌സിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് ലൂക്ക് വുഡും അന്റിച്ച് നോര്‍ട്‌ജെയുമാണ്. ഇരുവരും ഓരോ വിക്കറ്റുകള്‍ വീതം നേടി.
Content Highlight: Jos Buttler In Mass Performance In Abu Dhabi T-10