Sports News
ഇന്ത്യയ്‌ക്കെതിരെ ബട്‌ലര്‍ ഇങ്ങനെയൊരു റെക്കോഡ് സ്വന്തമാക്കുമെന്ന് കരുതിയില്ല; വെല്ലുവിളി നിക്കോളാസ് പൂരനോടും!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 23, 03:59 am
Thursday, 23rd January 2025, 9:29 am

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ ഇറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ തിരിച്ചടിയിലും താങ്ങി നിര്‍ത്തിയത് ക്യാപ്റ്റന്‍ ജോസ് ബട്ലറിന്റെ വെടിക്കെട്ട് പ്രകടനമാണ്. ബാറ്റിങ്ങില്‍ 44 പന്തില്‍ നിന്ന് 68 റണ്‍സാണ് താരം നേടിയത്. ഒരു സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 154.55 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. നേരിട്ട 34ാം പന്തിലാണ് ബട്‌ലര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

Jos Buttler

കരിയറിലെ 26ാം അര്‍ധ സെഞ്ച്വറിക്ക് പുറകെ മറ്റൊരു തകര്‍പ്പന്റെ റെക്കോഡും ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കാന്‍ ബട്‌ലറിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരെ ടി-20ഐയില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരമാകാനാണ് ബട്‌ലറിന് സാധിച്ചത്. അഞ്ച് തവണയാണ് താരം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. ഈ ലിസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പൂരനൊപ്പമാണ് ബട്‌ലര്‍.

ഇന്ത്യയ്‌ക്കെതിരെ ടി-20ഐയില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്ന താരം, എണ്ണം

ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 5*

നിക്കോളാസ് പൂരന്‍ (വെസ്റ്റ് ഇന്‍ഡീസ്) – 5

ക്വിന്റണ്‍ ഡി കോക്ക് (സൗത്ത് ആഫ്രിക്ക – 4

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ) – 4

കോളിന്‍ മന്റോ (ന്യൂസിലാന്‍ഡ്) – 4

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. 34 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 232.35 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ശര്‍മ താണ്ഡവമാടിയത്. ആദില്‍ റാഷിദിന്റെ പന്തിലാണ് താരം പുറത്തായത്.

മത്സരത്തില്‍ അഭിഷേകിന് പുറമെ മികച്ച പ്രകടനം നടത്തിയത് സഞ്ജു സാംസണ്‍ ആണ്. ആദ്യ ഓവറില്‍ ഒരു റണ്‍സ് നേടി പതിയെ തുടങ്ങിയപ്പോള്‍ രണ്ടാം ഓവറിനായി എത്തിയ ഗസ് ആറ്റ്കിന്‍സണെ നാല് ഫോറും ഒരു സിക്സുമാണ് സഞ്ജു അടിച്ചത്.

എന്നാല്‍ ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ഒരു ബിഗ് ഷോട്ടിന് ശ്രമിച്ച് ഗസിന്റെ കയ്യിലാകുകയായിരുന്നു സഞ്ജു. 20 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 26 റണ്‍സ് നേടിയാണ് മലയാളി സൂപ്പര്‍ താരം പുറത്തായത്. ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം ബട്‌ലറടക്കം മൂന്ന് പേരെയാണ് താരം പുറത്താക്കിയത്. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

Content Highlight: Jos Buttler In Great Record Achievement In T-20 Against India