| Sunday, 3rd April 2022, 8:48 am

സെഞ്ച്വറിയടിച്ചു, കളിയും ജയിപ്പിച്ചു, ഒപ്പം നാണക്കേടിന്റെ റെക്കോഡുമായി ജോസ് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ ഇന്ത്യന്‍സിനെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് തള്ളിവിട്ടാണ് രാജസ്ഥാന്‍ തങ്ങളുടെ രണ്ടാം വിജയമാഘോഷിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയാണ് രണ്ട് മത്‌സരങ്ങളിലും സഞ്ജുവും രാജസ്ഥാനും വിജയത്തിലേക്ക് നടന്നുകയറിയത്.

ഇംഗ്ലീഷ് സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ സെഞ്ച്വറി മികവിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 68 പന്തില്‍ നിന്നും 11 ഫോറും അഞ്ച് സിക്‌സറും പറത്തിയാണ് താരം 100 റണ്‍സ് തികച്ചത്. ഇതോടെ 194 റണ്‍സിന്റെ കൂറ്റന്‍ ടാര്‍ഗറ്റാണ് ടീം രോഹിത്തിന്റെ മുമ്പില്‍ വെച്ചത്.

66ാം പന്തിലായിരുന്നു താരം തന്റെ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്. ഐ.പി.എല്ലില്‍ ബട്‌ലറിന്റെ രണ്ടാം സെഞ്ച്വറിയാണിത്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനെതിരെയായിരുന്നു താരത്തിന്റെ സെഞ്ച്വറി നേട്ടം.

കാര്യമായി ഒന്നും ചെയ്യാനില്ലാതെ 23 റണ്‍സിനായിരുന്നു മുംബൈയുടെ തോല്‍വി. സീസണില്‍ മുംബൈയുടെ രണ്ടാം തോല്‍വിയാണിത്.

ഐ.പി.എല്ലിലെ ഈ സീസണിലെ ആദ്യ സെഞ്ച്വറിയ്ക്ക് ഉടമയായെങ്കിലും ഒരു നാണക്കേടിന്റെ റെക്കോഡും ഇംഗ്ലീഷ് താരത്തെ തേടിയെത്തി.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു വിദേശ താരത്തിന്റെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് ബട്ലര്‍ ഈ സെഞ്ച്വറിയോടെ സ്വന്തം പേരില്‍ കുറിച്ചത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ വേഗം കുറഞ്ഞ രണ്ടാം സെഞ്ച്വറിയുമാണിത്.

ബട്‌ലറിന് പുറമെ ഈ റെക്കോഡിന് വേറെയും അവകാശികളുണ്ട്. സച്ചിനും ഡേവിഡ് വാര്‍ണറുമാണ് ഐ.പി.എല്ലിലെ വേഗം കുറഞ്ഞ രണ്ടാമത്തെ സെഞ്ച്വറിയുടെ മറ്റ് ഉടമകള്‍. 2010ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ വാര്‍ണറും 2011ല്‍ കൊച്ചി ടസ്‌കേഴ്‌സിനെതിരെ സച്ചിനും 66 പന്തിലാണ് ശതകം പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ താരം മനീഷ് പാണ്ഡേയാണ് ഐ.പി.എല്ലിലെ വേഗത കുറഞ്ഞ സെഞ്ച്വറിയുടെ ഉടമ. 2009ലെ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ 67 പന്തില്‍ പാണ്ഡേ നേടിയ നൂറാണ് ഐ.പി.എല്ലിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി.

Content Highlight: Jos Buttler holds the record for slowest century by a foreign player in IPL
We use cookies to give you the best possible experience. Learn more