| Friday, 19th May 2023, 4:21 pm

ഇന്നലെ വിരാട് നേടിയ നേട്ടം തകര്‍ക്കാന്‍ ഇന്ന് സഞ്ജുവിന്റെ വലംകൈക്ക് സാധിക്കും, നേടേണ്ടത് ഇത് മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 66ാം മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ധര്‍മശാലയുടെ മനോഹാരിതയില്‍ മുന്‍ ചാമ്പ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിങ്‌സിനെയാണ് നേരിടുന്നത്. ഇരുവരുടെയും സീസണിലെ അവസാന ലീഗ് ഘട്ട മത്സരമാണിത്.

പ്ലേ ഓഫിന് ഇപ്പോഴും നേരിയ സാധ്യത കല്‍പിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് മികച്ച വിജയം അനിവാര്യമാണ്. ഒരുവേള പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ പ്രവേശിക്കുമെന്ന് കരുതിയ രാജസ്ഥാന്‍ തുടരെ തുടരെ മത്സരങ്ങള്‍ പരാജയപ്പെട്ടാണ് പ്ലേ ഓഫിലേക്ക് പ്രവേശിക്കാന്‍ കഷ്ടപ്പെടുന്നത്.

ടീമിന്റെ ടോപ് ഓര്‍ഡര്‍ കത്തിക്കയറുകയും ബൗളര്‍മാര്‍ തങ്ങളുടെ മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്താല്‍ രാജസ്ഥാന് വട്ടം വെക്കാന്‍ പോന്നവര്‍ ഇന്ന് ഐ.പി.എല്ലിലില്ല. എന്നാല്‍ കഴിഞ്ഞ സീസണിലേതെന്ന പോലെ ടോപ് ഓര്‍ഡറിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്തതാണ് രാജസ്ഥാന് തിരിച്ചടിയാകുന്നത്.

കഴിഞ്ഞ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനും ഓറഞ്ച് ക്യാപ് ഹോള്‍ഡറുമായി ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ അഭാവമാണ് രാജസ്ഥാനെ പിന്നോട്ട് വലിച്ചതിലെ പ്രധാന ഘടകം. സീസണില്‍ ഇതിനോടകം തന്നെ നാല് തവണയാണ് താരം പൂജ്യത്തിന് പുറത്തായത്. പറഞ്ഞുവെക്കാന്‍ പോന്ന തകര്‍പ്പന്‍ ഇന്നിങ്‌സുകളും ജോസ് ബട്‌ലറിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തിട്ടുണ്ടെങ്കിലും ആകെ നോക്കുമ്പോള്‍ ബട്‌ലറിന്റെ പ്രകടനം ശരാശരിയോ അതിന് താഴെയോ ആണ്.

എന്നാല്‍ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ മികച്ച ഒരു നേട്ടമാണ് ബട്‌ലറിനെ കാത്തിരിക്കുന്നത്. ധര്‍മശാലയില്‍ സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ ബട്‌ലറിന് സാധിക്കും.

ഐ.പി.എല്ലില്‍ കളിച്ച 95 മത്സരത്തിലെ 94 ഇന്നിങ്‌സില്‍ നിന്നും അഞ്ച് തവണയാണ് ബട്‌ലര്‍ സെഞ്ച്വറി തികച്ചത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനെതിരെ മറ്റൊരു ട്രിപ്പിള്‍ ഡിജിറ്റ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ക്രിസ് ഗെയ്‌ലിനും വിരാട് കോഹ്‌ലിക്കുമൊപ്പം പട്ടികയില്‍ ഒന്നാം സ്ഥാനം പങ്കിടാനും ബട്‌ലറിന് സാധിക്കും. ഇതിന് പുറമെ ഏറ്റവും കുറവ് മത്സരത്തില്‍ നിന്നും ഈ നേട്ടത്തിലേക്കെത്തിയ താരമായി മാറാനും ഇതോടെ ബട്‌ലറിനാകും.

ബട്‌ലര്‍ നേടിയ അഞ്ച് സെഞ്ച്വറിയില്‍ നാലെണ്ണവും കഴിഞ്ഞ സീസണിലാണ് പിറന്നത്. 116 ആണ് കഴിഞ്ഞ സീസണിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. തൊട്ടുമുമ്പുള്ള സീസണില്‍ നേടിയ 124 ആണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍

കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് വിരാട് കോഹ്‌ലി ഐ.പി.എല്ലിലെ തന്റെ സെഞ്ച്വറി നേട്ടം ആറായി ഉയര്‍ത്തിയത്. 62ാം പന്തില്‍ സെഞ്ച്വറി തികച്ച വിരാട് തൊട്ടടുത്ത പന്തില്‍ തന്നെ പുറത്തായിരുന്നു.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

ക്രിസ് ഗെയ്ല്‍ – 6

വിരാട് കോഹ്‌ലി – 6

ജോസ് ബട്‌ലര്‍ – 5

കെ.എല്‍. രാഹുല്‍ – 4

ഡേവിഡ് വാര്‍ണര്‍ – 4

ഷെയ്ന്‍ വാട്‌സണ്‍ – 4

എ. ബി. ഡി വില്ലിയേഴ്‌സ് – 3

സഞ്ജു സാംസണ്‍ – 3

Content Highlight: Jos Buttler has a chance to top the list of century scorers

We use cookies to give you the best possible experience. Learn more