ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20 മത്സരത്തില്‍ വമ്പന്‍ വിജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇതോടെ 2-0ന് ത്രീ ലയണ്‍സ് മുന്നിലാണ്.
കെന്‍സിങ്ടണ്‍ ഓവലില്‍ നടന്ന രണ്ടാം മത്സരത്തലില്‍ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ടീം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.
ഇംഗ്ലണ്ടിനെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റ്ന്‍ ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു. 45 പന്തില്‍ നിന്ന് ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 83 റണ്‍സാണ് താരം അടിച്ചെടുത്തത്. 184.44 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം കഴിഞ്ഞ മത്സരത്തില്‍ പൂജ്യം റണ്‍സിന് പുറത്തായിരുന്നു. എന്നാല്‍ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ഫോര്‍മാറ്റിലേക്കുള്ള വമ്പന്‍ തിരിച്ചുവരവാണ് താരം ലക്ഷ്യം വെച്ചത്.
താരത്തിന്റെ ഈ മിന്നും പ്രകടനം മറ്റൊരു സൂചന കൂടെയാണ് നല്‍കുന്നത്. 2025 ഐ.പി.എല്‍ മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റേയല്‍സിന്റെ താരമായിരുന്ന ബട്‌ലറിനെ ടീം നിലനിര്‍ത്തിയിരുന്നില്ല. ഇപ്പോള്‍ തന്റെ ബാറ്റിങ് മികവ് അവസാനിച്ചിട്ടില്ല എന്ന മട്ടില്‍ ഫ്രാഞ്ചൈസിക്ക് ഒരു മുന്നറിയിപ്പാണ് ബട്‌ലര്‍ നല്‍കിയിരിക്കുന്നത്. ആരാധകരും ഇതുതന്നെയാണ് വിലയിരുത്തുന്നത്.
രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ എന്നിവര്‍ക്കൊപ്പം അണ്‍ ക്യാപ്ഡ് താരമായി സന്ദീപ് ശര്‍മയേയുമാണ് രാജസ്ഥാന്‍ നിലനിര്‍ത്തിയത്. മാത്രമല്ല ഷിംറോണ്‍ ഹെറ്റ്‌മെയറാണ് ടീം നിലനിര്‍ത്തിയ ഏക വിദേശ താരം.
2018ലാണ് ബട്‌ലര്‍ റോയല്‍സിനൊപ്പമുള്ള യാത്ര തുടങ്ങിയത്. വിലപ്പെട്ട സംഭാവനകള്‍ നല്‍കി ടീമിന്റെ അറിയപ്പെടുന്ന കളിക്കാരില്‍ ഒരാളായി ബട്‌ലര്‍. 2024 സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 140.78 സ്ട്രൈക്ക് റേറ്റില്‍ രണ്ട് സെഞ്ച്വറികളടക്കം 359 റണ്‍സ് നേടാനും താരത്തിന് സാധിച്ചിരുന്നു.
ടീം നിലനിര്‍ത്താത്തതിനെത്തുടര്‍ന്ന് വൈകാരികമായ ഒരു കുറിപ്പും ബട്‌ലര്‍ രാജസ്ഥാന് വേണ്ടി എഴുതിയിരുന്നു. എന്തൊക്കെ സംഭവിച്ചാലും ബടലര്‍ തന്റെ പഴയ പ്രതാപത്തിന് മങ്ങലില്ലാതെയാണ് ടി-20യില്‍ മുന്നേറുന്നത്.
Content Highlight: Jos Buttler Great Performance Against West Indies