| Friday, 15th July 2022, 6:22 pm

വിരാട് വിമര്‍ശിക്കപ്പെടുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നുന്നത്: ജോസ് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ സംബന്ധിച്ച് ഇത് നല്ല കാലമല്ല. തന്റെ പ്രതാപത്തിന്റെ ഏഴയലത്ത് പോലും എത്താന്‍ സാധിക്കാതെ ഉഴറുന്ന വിരാടാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന കാഴ്ചകളിലൊന്ന്. താന്‍ സെറ്റ് ചെയ്തുവെച്ച സ്റ്റാന്‍ഡേര്‍ഡ് തന്നെയാണ് വിരാടിനെ തിരിഞ്ഞുകൊത്തുന്നത്.

മുന്‍ ഇതിഹാസ താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് അനലിസ്റ്റെന്ന് സ്വയം വിശേഷിപ്പിക്കുന്ന താരങ്ങള്‍ വരെ വിരാടിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇന്ത്യന്‍ ഇതിഹാസം കപില്‍ ദേവും വെങ്കിടേഷ് പ്രസാദും മുതല്‍ ഡാനിഷ് കനേരിയയെ പോലെയുള്ളവര്‍ വരെ വിരാടിനെ വിമര്‍ശിക്കുന്നുണ്ട്.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കമുള്ളവര്‍ വിരാടിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതൊന്നും വിമര്‍ശകരുടെ കണ്ണില്‍ പെടുന്നില്ല എന്നതും വാസ്തവമാണ്.

ഇപ്പോഴിതാ, വിരാടിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് നായകനും സ്റ്റാര്‍ ബാറ്ററുമായ ജോസ് ബട്‌ലര്‍. വിരാടിനെ എന്തിനാണ് ആളുകള്‍ ഇങ്ങനെ വിമര്‍ശിക്കുന്നത് എന്ന് മനസിലാവുന്നില്ല എന്നാണ് ബട്‌ലര്‍ പറഞ്ഞത്.

‘വിരാട് ഒരു മനുഷ്യനാണ്, ചിലപ്പോള്‍ അദ്ദേഹത്തിന് ചെറിയ സ്‌കോര്‍ മാത്രമാവും നേടാന്‍ സാധിക്കുന്നത്. അദ്ദേഹം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഏകദിന താരമായിരുന്നു.

വിരാടിനെ വിമര്‍ശിക്കുന്നത് കാണുമ്പോള്‍ എനിക്ക് അത്ഭുതമാണ് തോന്നുന്നത്. അദ്ദേഹം ഇന്ത്യയ്ക്കായി ഒരുപാട് മത്സരം വിജയിപ്പിച്ച ആളാണ്,’ ബട്‌ലര്‍ പറയുന്നു.

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും രണ്ടാം ഏകദിനത്തില്‍ വിരാട് തിരിച്ചുവന്നിരുന്നു. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ വിരാടിനായില്ല. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 16 റണ്‍സ് മാത്രമായിരുന്നു കോഹ്‌ലി നേടിയത്.

മോശം ഫോമിന് പിന്നാലെ വിന്‍ഡീസിനെതിരെയുള്ള ടി-20 പരമ്പരയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു. വിരാടിനെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമര്‍ശനങ്ങളായിരുന്നു ബി.സി.സി.ഐക്കെതിരെ ഉയര്‍ന്നത്.

Content highlight: Jos Buttler defends winner Kohli

We use cookies to give you the best possible experience. Learn more