ആവേശത്തിന്റെ പരകോടിയിലായിരുന്നു കഴിഞ്ഞ ദിവസത്തെ ഐ.പി.എല്‍ മത്സരം അവസാനിച്ചത്. കൊണ്ടും കൊടുത്തും ഇരുടീമുകളും മുന്നേറിയപ്പോള്‍ കാണികള്‍ക്ക് വിരുന്ന് തന്നെയായിരുന്നു കൊല്‍ക്കത്ത – രാജസ്ഥാന്‍ പോരാട്ടം.
ബാറ്റര്‍മാരും ബൗളര്‍മാരും നിറഞ്ഞാടിയപ്പോള്‍ ഒട്ടേറ നല്ല നിമിഷങ്ങളും കഴിഞ്ഞ മത്സരത്തില്‍ പിറന്നിരുന്നു. ബട്‌ലറിന്റേയും ശ്രേയസ്സിന്റേയും വമ്പനടികളും ചഹലിന്റെ ഹാട്രിക്കും ഇതില്‍ ഉള്‍പ്പെടും.
അത്തരത്തില്‍ രസകരമായ ഒരു സംഭവത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. എന്നത്തേയും പോലെ ജോസ് ബട്‌ലര്‍ തന്നെയാണ് ഇതിലേയും താരം.
മൂന്നാം ഓവറിലെ അവസാന പന്തിലാണ് സംഭവം നടന്നത്.ബൗളര്‍ എറിഞ്ഞ പന്ത് ജോസ് ബട്‌ലര്‍ ബൗണ്ടറിയിലേക്ക് ഫ്‌ളിക്ക് ചെയ്യുകയായിരുന്നു. ബൗണ്ടറി സേവ് ചെയ്യാന്‍ ഏറെ പണിപ്പെട്ടാണ് വെങ്കിടേഷ് അയ്യര്‍ പന്തിന് പിന്നാലെ പാഞ്ഞത്.
പന്തിന് പിന്നാലെ ഓടി വെങ്കിടേഷ് ബൗണ്ടറി സേവ് ചെയ്തപ്പോള്‍ പിന്നാലെയെത്തിയ നിതീഷ് റാണ പന്ത് സ്‌ട്രൈക്ക് എന്‍ഡിലേക്ക് എറിയുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ഷെല്‍ഡണ്‍ ജാക്‌സണ്‍ പന്ത് കളക്ട് ചെയ്ത് സ്റ്റംപ് ചെയ്യുന്നതിന് മുമ്പ് തന്നെ ബട്‌ലര്‍ റണ്ണിംഗ് കംപ്ലീറ്റ് ചെയ്തിരുന്നു.
എന്നാല്‍ രസകരമായ സംഭവം ഇതൊന്നുമല്ല. നാല് റണ്‍സ് തടയാന്‍ വേണ്ടി വെങ്കിടേഷ് ഇത്രയും കഷ്ടപ്പെട്ടപ്പോള്‍ ജോസ് ബട്‌ലറും പടിക്കലും ചേര്‍ന്ന് കൂളായി നാല് റണ്‍സ് ഓടിയെടുത്തിരുന്നു. വെങ്കിടേഷിന്റെ കഷ്ടപ്പാട് മാത്രം മിച്ചം.
അവിടുന്ന് തുടങ്ങിയ ആളിക്കത്തല്‍ സെഞ്ച്വറി തികച്ച ശേഷമാണ് ബട്‌ലര്‍ അവസാനിപ്പിച്ചത്. ബട്‌ലറിനൊപ്പം തന്നെ സഞ്ജുവും ഹെറ്റ്‌മെയറും പടിക്കലും ആഞ്ഞടിച്ചതോടെ സീസണിലെ ഏറ്റവും വലിയ സ്‌കോറിലേക്കായിരുന്നു രാജസ്ഥാന്‍ നടന്നുകയറിയത്.