| Sunday, 26th May 2024, 8:17 am

ഇടിമിന്നലായി സഞ്ജുവിന്റെ ജോസേട്ടൻ, ചരിത്രത്തിലെ ആദ്യ താരം; രാജസ്ഥാൻ പുറത്തായ അടുത്ത ദിവസം തന്നെ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ട്-പാകിസ്ഥാന്‍ നാല് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് 23 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. എഡ്ഗ്ബാസ്റ്റോണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാക്കിസ്ഥാന്‍ 19.2 ഓവറില്‍ 162 റണ്‍സിന് പുറത്താവുകയായിരുന്നു.

51 പന്തില്‍ 84 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോസ് ബട്‌ലറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് മികച്ച ടോട്ടല്‍ നേടിയത്. 164.71 സ്‌ട്രൈക്ക് റേറ്റില്‍ എട്ട് ഫോറുകളും മൂന്ന് സിക്‌സുകളുമാണ് ബട്‌ലര്‍ നേടിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. ഇന്റര്‍നാഷണല്‍ ടി-20യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരം എന്ന നേട്ടമാണ് ബട്‌ലര്‍ സ്വന്തം പേരിലാക്കിയത്. 115 ടി-20 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 23 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നതാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ ടി-20 കരിയര്‍.

അതേസമയം ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരം ആയിരുന്നു ബട്‌ലര്‍. ടി-20 ലോകകപ്പിന് മുന്നോടിയായി സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാനായി രാജസ്ഥാനില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു ബട്‌ലര്‍. ഇംഗ്ലണ്ട് താരമില്ലാതെ ഇറങ്ങിയ രാജസ്ഥാന്‍ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.

പാകിസ്ഥാന്‍ ബൗളിങ്ങില്‍ ഷഹീന്‍ അഫ്രിദി മൂന്ന് വിക്കറ്റും ഇമാദ് വസീം, ഹാരിസ് റൗഫ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്ന് വിക്കറ്റും മോയിന്‍ അലി, ജോഫ്ര അര്‍ച്ചര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

21 പന്തില്‍ 45 റണ്‍സ് നേടി ഫക്കര്‍ സമാനും 26 പന്തില്‍ 32 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമും മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

ആദ്യം മത്സരം മഴമൂലം മുടങ്ങിയിരുന്നു. എന്നാല്‍ ഈ വിജയത്തോടെ നാലു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ഇംഗ്ലീഷ് പടയ്ക്ക് സാധിച്ചു. മെയ് 28നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്. സോഫിയ ഗാര്‍ഡന്‍സ് സ്റ്റേഡിയമാണ് വേദി.

Content Highlight: Jos Buttler Complete 3000 International T20 Runs

We use cookies to give you the best possible experience. Learn more