| Monday, 1st April 2024, 6:25 pm

രാജസ്ഥാനും സഞ്ജു സാംസണുമൊപ്പം ഇനി 'ജോസ് ബട്‌ലറില്ല'; മത്സരദിവസം വമ്പന്‍ പ്രഖ്യാപനവുമായി ഇംഗ്ലണ്ട് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024ലെ രാജസ്ഥാന്‍ – മുംബൈ പോരാട്ടത്തിന് മുമ്പ് രസകരമായ പ്രഖ്യാപനവുമായി സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. തന്റെ പേര് ഔദ്യോഗികമായി മാറ്റുന്നുവെന്ന വാര്‍ത്തയാണ് രാജസ്ഥാന്‍ സൂപ്പര്‍ താരം പ്രഖ്യാപിച്ചിരിക്കുന്നത്. താന്‍ ഇനി മുതല്‍ ജോഷ് ബട്‌ലറായിരിക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് തന്റെ പേരുമാറ്റത്തെക്കുറിച്ച് ജോസ് ബട്‌ലര്‍ വ്യക്തമാക്കിയത്.

ഇത്രയും കാലം ജോസ് എന്നതിന് പകരം ജോഷ് എന്നാണ് ആളുകള്‍ തന്നെ വിളിച്ചിരുന്നതെന്ന് വീഡിയോയില്‍ ജോസ് ബട്‌ലര്‍ പറഞ്ഞു. ആളുകള്‍ എല്ലായ്‌പ്പോഴും ജോഷ് എന്നായിരുന്നു വിളിച്ചിരുന്നതെന്നും തന്റെ പിറന്നാളിന് അമ്മ അയച്ച ബെര്‍ത് ഡേ കാര്‍ഡിലും ജോഷ് എന്നാണ് എഴുതിയിരുന്നതും ബട്‌ലര്‍ പറഞ്ഞു.

30 വര്‍ഷമായി തന്റെ ജീവിത്തില്‍ തുടര്‍ന്നു വരുന്ന തെറ്റിന് ഒടുവില്‍ താന്‍ ഔദ്യോഗികമായി അംഗീകാരം നല്‍കുകയാണെന്ന് പ്രഖ്യാപിച്ചാണ് ബട്‌ലര്‍ പേര് മാറ്റം പ്രഖ്യാപിച്ചത്.

ബ്രിട്ടണ്‍ സമ്മാനിച്ച ഔദ്യോഗിക ബഹുമതിയായ എം.ബി.ഇയിലും (മെമ്പര്‍ ഓഫ് ദി മോസ്റ്റ് എക്‌സലന്റെ ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍) തെറ്റായി ജോഷ് എന്നാണ് ചേര്‍ത്തിരിക്കുന്നതെന്നും ബട്‌ലര്‍ പറഞ്ഞു.

2020ലാണ് ബ്രിട്ടണ്‍ ബട്‌ലറിന് എം.ബി.ഇ സ്ഥാനം നല്‍കുന്നത്. ബട്‌ലറിന് എം.ബി.ഇ നല്‍കിയപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിന് ഒ.ബി.ഇയും (ഓഫീസര്‍ ഓഫ് ദി മോസ്റ്റ് എക്‌സലന്റ് ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍) ലഭിച്ചിരുന്നു.

ജോസ് ബട്‌ലര്‍ ജോഷ് ബട്‌ലര്‍ ആയി മാറിയ വീഡിയോയുടെ അവസാനം ക്യാമറമാന്‍ ‘താങ്ക്‌സ് ജോസ്’ എന്ന് പറയുമ്പോള്‍ താരം ദേഷ്യം പ്രകടിപ്പിക്കുന്നുമുണ്ട്.

അതേസമയം, സീസണില്‍ ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ജോഷ് ബട്‌ലറിന് സാധിച്ചിട്ടില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഒമ്പത് പന്തില്‍ 11 റണ്‍സും ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ 16 പന്തില്‍ 11 റണ്‍സുമാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ രാജസ്ഥാന്റെ മൂന്നാം മത്സരത്തില്‍ ബട്‌ലര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. രാജസ്ഥാന്‍ നേരിടുന്നത് മുംബൈ ഇന്ത്യന്‍സിനെ ആണ് എന്നതുതന്നെയാണ് ഇതിന് കാരണവും.

ഏത് ടീമിനോട് ഫോമായില്ലെങ്കിലും മുംബൈ ഇന്ത്യന്‍സിനെതിരെ തന്റെ വെടിക്കെട്ട് ശൈലി പുറത്തെടുക്കുന്നത് ജോസേട്ടന്റെ, അല്ല ജോഷേട്ടന്റെ പതിവാണ്. ഇത് വാംഖഡെയിലും കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight:  Jos Buttler changed his name to Josh Buttler

We use cookies to give you the best possible experience. Learn more