സഞ്ജു ഭായ്, ഞാനും ഒരു ഓവര്‍ എറിയട്ടേ... വൈറലായി ബട്‌ലറിന്റെ ചോദ്യവും സങ്കടം നിറഞ്ഞ മുഖഭാവവും
IPL
സഞ്ജു ഭായ്, ഞാനും ഒരു ഓവര്‍ എറിയട്ടേ... വൈറലായി ബട്‌ലറിന്റെ ചോദ്യവും സങ്കടം നിറഞ്ഞ മുഖഭാവവും
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th April 2023, 8:53 pm

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ പടുകൂറ്റന്‍ വിജയമായിരുന്നു സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 72 റണ്‍സിനായിരുന്നു ഇനോഗറല്‍ ചാമ്പ്യന്‍മാര്‍ സണ്‍റൈസേഴ്‌സിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തുവിട്ടത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു നല്‍കിയത്. ആറ് ഓവര്‍ പിന്നിട്ടപ്പോഴേക്കും 85 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.

ബട്‌ലറും ജെയ്‌സ്വാളും പിന്നാലെയെത്തിയ സഞ്ജു സാംസണും അര്‍ധ സെഞ്ച്വറി തികച്ചതോടെ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 203 റണ്‍സ് സ്വന്തമാക്കി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിനെ ആദ്യ ഓവറില്‍ തന്നെ ട്രെന്റ് ബോള്‍ട്ട് ഇരട്ട പ്രഹരമേല്‍പിച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മയെയും രാഹുല്‍ ത്രിപാഠിയെയും മടക്കിയാണ് ബോള്‍ട്ട് കരുത്ത് കാട്ടിയത്.

പിന്നാലെയെത്തിയ ചഹലും നാല് വിക്കറ്റുമായി തിളങ്ങിയതോടെ സണ്‍റൈസേഴ്‌സിന്റെ പതനം പൂര്‍ത്തിയാവുകയായിരുന്നു.

അതേസമയം, മത്സരത്തിനിടെ രസകരമായ ഒരു സംഭവവും നടന്നിരുന്നു. ടീമിന്റെ സ്റ്റാര്‍ ബാറ്ററായ ജോസ് ബട്‌ലര്‍ ഒരു ഓവര്‍ പന്തെറിയാനായി സഞ്ജുവിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സഞ്ജു ആ ആവശ്യം നിരാകരിക്കുകയായിരുന്നു.

വിക്കറ്റിന് പിന്നില്‍ സഞ്ജു ഉള്ളതിനാല്‍ സ്വതവേ വിക്കറ്റ് കീപ്പറായ ബട്‌ലര്‍ ഫീല്‍ഡറുടെ റോളിലാണ് പിങ്ക് സിറ്റിയില്‍ തിളങ്ങുന്നത്.

മത്സരത്തില്‍ 22 പന്തില്‍ നിന്നും 54 റണ്‍സ് നേടിയ ബട്‌ലര്‍ ഫീല്‍ഡിങ്ങിലും തിളങ്ങിയിരുന്നു. മത്സരത്തിലെ ഓവറോള്‍ പ്രകടനം കണക്കിലെടുത്ത് താരത്തെ തന്നെയായിരുന്നു കളിയിലെ താരമായി തെരഞ്ഞെടുത്തതും.

ഏപ്രില്‍ അഞ്ചിനാണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഗുവാഹത്തിയില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പഞ്ചാബാണ് എതിരാളികള്‍.

 

 

Content highlight: Jos Buttler asking Sanju Samson for bowling