ടി-20 ലോകകപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇംഗ്ലണ്ട് ടി-20 ക്രിക്കറ്റിന്റെ രാജാക്കന്‍മാരായി മാറിയിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകര്‍ത്തുവിട്ടാണ് ഇംഗ്ലണ്ട് തങ്ങളുടെ രണ്ടാം ടി-20 കിരീടം ചൂടിയത്.
ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനിനയച്ച ഇംഗ്ലണ്ട് പാകിസ്ഥാനെ 137ല്‍ എറിഞ്ഞൊതുക്കുകയും ഒരു ഓവറും അഞ്ച് വിക്കറ്റും ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയുമായിരുന്നു.
സൂപ്പര്‍ താരം ബെന്‍ സ്റ്റോക്‌സിന്റെ അര്‍ധ സെഞ്ച്വറിയും സാം കറന്റെ തകര്‍പ്പന്‍ ബൗളിങ്ങുമായിരുന്നു ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്.
ടീമിന്റെ വിജയത്തിന് പിന്നാലെയുള്ള വിന്നിങ് സെലിബ്രേഷന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. ട്രോഫി പ്രെസന്റേഷന് ശേഷം ഷാംപെയ്ന്‍ സെലിബ്രേഷന് മുമ്പ് സൂപ്പര്‍ താരങ്ങളായ മോയിന്‍ അലിക്കും ആദില്‍ റഷീദിനും മാറി നില്‍ക്കാന്‍ സമയം നല്‍കിയതോടെയാണ് ബട്‌ലര്‍ വീണ്ടും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയത്.
ട്രോഫിക്കൊപ്പം ഷാംപെയ്ന്‍ ബോട്ടിലുകളുമായി ഇംഗ്ലണ്ട് താരങ്ങള്‍ വിന്നിങ് മൊമെന്റ് ആഘോഷിക്കാന്‍ അക്ഷമരായി കാത്തുനില്‍ക്കുന്നതിനിടെ ബട്‌ലര്‍ ഇടുപെടുകയായിരുന്നു.
ട്രോഫിക്കും ഫുള്‍ സ്‌ക്വാഡിനുമൊപ്പമുള്ള ചിത്രങ്ങളെടുത്തതിന് ശേഷം ആദില്‍ റഷീദിനും മോയിന്‍ അലിക്കും മാറി നില്‍ക്കാനുള്ള അവസരം ബട്‌ലര്‍ നല്‍കുകയായിരുന്നു.
ഇവര്‍ കൂട്ടത്തില്‍ നിന്നും മാറി എന്നുറപ്പാക്കിയതിന് ശേഷം മാത്രമാണ് ഇംഗ്ലണ്ട് ഷാംപെയ്ന്‍ മൊമെന്റ് ആഘോഷമാക്കിയത്.
ഈ പ്രവര്‍ത്തിക്ക് പിന്നാലെ ഇംഗ്ലണ്ട് ആരാധകര്‍ ബട്‌ലറിനെ ഒന്നടങ്കം പ്രശംസകൊണ്ട് മൂടുകയാണ്.
ഇംഗ്ലണ്ടിന്റെ ആരാധകകൂട്ടമായ ബാര്‍മി ആര്‍മിയടക്കം ഇതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ബട്‌ലറിനെ പ്രശംസിക്കുന്നുണ്ട്.
2019ല്‍ ഇംഗ്ലണ്ട് ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോഴും ഇരുവരും ഷാംപെയ്ന്‍ സെലിബ്രേഷനില്‍ പങ്കെടുത്തിരുന്നില്ല. അന്ന് സൂപ്പര്‍ താരം ജോണി ബെയര്‍സ്‌റ്റോ ഷാംപെയ്ന്‍ ബോട്ടില്‍ പൊട്ടിച്ചതിന് പിന്നാലെ ഇരുവരും കൂട്ടത്തില്‍ നിന്നും ഓടി മാറുകയായിരുന്നു.
എന്നാല്‍ ഇത്തവണ അതിന് അവസരമൊരുക്കാതെ ഇരുവര്‍ക്കും മാറി നില്‍ക്കാനുള്ള സമയം നല്‍കിയതിന് ശേഷമാണ് ബട്‌ലര്‍ ഷാംപെയ്ന്‍ സെലിബ്രേഷന്‍ ആരംഭിച്ചത്.
Content Highlight: Jos Buttler allows Adil Rasheed and Moen Ali to leave from winning celebration