| Saturday, 7th May 2022, 10:32 pm

ബാറ്റിംഗിനിറങ്ങിയപ്പോള്‍ അവന്‍ എന്നോട് ചോദിച്ചത് അതുമാത്രമാണ്, പിന്നെ കാണുന്നത് വെടിക്കെട്ടും: ജോസ് ബട്‌ലര്‍

സ്പോര്‍ട്സ് ഡെസ്‌ക്

രണ്ട് മത്സരത്തിലെ പരാജയത്തിന്റെ അപമാനഭാരം കഴുകിക്കളഞ്ഞാണ് രാജസ്ഥാന്‍ വിജയപാതയിലേക്ക് തിരിച്ചെത്തിയത്. പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തകര്‍ത്തായിരുന്നു രാജസ്ഥാന്‍ പ്ലേ ഓഫിലേക്കുള്ള ഓട്ടം വേഗത്തിലാക്കിയത്.

ഐ.പി.എല്ലിലേക്ക് രാജസ്ഥാന്റെ തിരിച്ചുവരവ് എന്നതിലുപരി യശസ്വി ജെയ്‌സ്വാള്‍ എന്ന യുവതാരത്തിന്റെ തിരിച്ചുവരവായിട്ടാവും ഈ മത്സരം അടയാളപ്പെടുത്തുന്നത്.

മോശം ഫോം കാരണം ഏറെ നാള്‍ പുറത്തിരിക്കേണ്ടി വന്നിട്ടും ആത്മവിശ്വാസം ഒട്ടും കൈവിടാതെ കിട്ടിയ അവസരം മികച്ച രീതിയില്‍ വിനിയോഗിച്ചായിരുന്നു ജെയ്‌സ്വാള്‍ തിരിച്ചുവരവ് ഗംഭീരമാക്കിയത്.

ദേവ്ദത്ത് പടിക്കലിന് ബട്‌ലറെ വേണ്ടത്ര പിന്തുണയ്ക്കാന്‍ സാധിക്കാത്തത് രാജസ്ഥാന്‍ ഓപ്പണിംഗ് കൂട്ടുകെട്ടിനെ സാരമായി തന്നെ ബാധിച്ചിരുന്നു. പടിക്കലിന് പകരം ഓപ്പണറുടെ റോളിലെത്തിയ ജെയ്‌സ്വാള്‍ ഓപ്പണിംഗ് കൂട്ടുകെട്ട് മികച്ചതാക്കി എന്നുമാത്രമല്ല, ബട്‌ലര്‍ പുറത്തായിട്ടും വെടിക്കെട്ട് തുടര്‍ന്നു.

ഇപ്പോഴിതാ, ബാറ്റിംഗിനിറങ്ങിയപ്പോള്‍ ജെയ്‌സ്വാള്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് പറയുകയാണ് ജോസ് ബട്‌ലര്‍. തനിക്ക് പകരം ജെയ്‌സ്വാള്‍ ആദ്യം സ്‌ട്രൈക്കിനിറങ്ങിക്കോട്ടെ എന്ന് ചോദിക്കുകയും താനത് സമ്മതിക്കുകയായിരുന്നുവെന്നും ബട്‌ലര്‍ പറയുന്നു.

‘ഞങ്ങള്‍ ബാറ്റിംഗിനിറങ്ങിയപ്പോള്‍ താന്‍ സ്‌ട്രൈക്കിനിറങ്ങിക്കോട്ടെ എന്ന് ജെയ്‌സ്വാള്‍ എന്നോട് ചോദിച്ചു. അവനിറങ്ങുകയും വെടിക്കെട്ട് തുടങ്ങുകയുമായിരുന്നു,’ ബട്‌ലര്‍ പറയുന്നു.

സന്ദീപ് ശര്‍മെയറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ജെയ്‌സ്വാള്‍ തന്റെ നയം വ്യക്തമാക്കിയിരുന്നു. രണ്ട് ഫോറും ഒരു സിക്‌സറുമടക്കം 14 റണ്‍സായിരുന്നു ആദ്യ ഓവറില്‍ പിറന്നത്.

പിന്നീട് ഒന്നിന് പിന്നാലെ ഒന്നായി കൂറ്റനടികള്‍ പിറന്നുകൊണ്ടേയിരുന്നു. ബട്‌ലറും സഞ്ജുവും പുറത്തായിട്ടും താരം തന്റെ പ്രഹരം തുടര്‍ന്നു. ഒടുവില്‍ അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ ലിവിംഗ്സ്റ്റണ് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 41 പന്തില്‍ നിന്നും 61 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

താരത്തിന്റെ ബാറ്റിംഗ് മികവിലാണ് പഞ്ചാബ് ഉയര്‍ത്തിയ 190 എന്ന വിജയലക്ഷ്യം രാജസ്ഥാന്‍ അനായാസം മറികടന്നത്. ഇതോടെ 11 മത്സരത്തില്‍ നിന്നും 7 ജയവുമായി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍.

Content Highlight: Jos Buttler about Yashaswi Jaiswal

We use cookies to give you the best possible experience. Learn more