| Thursday, 6th June 2024, 12:22 pm

സഞ്ജുവായിരിക്കും ടി-20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം: പ്രവചനവുമായി ബട്ലർ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പ് അതിഗംഭീരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ലോകകപ്പില്‍ ഏതെല്ലാം ടീമുകള്‍ ആദ്യ നാലില്‍ ഇടം നേടുമെന്നും ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആരാണെന്നും പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍.

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇംഗ്ലണ്ട് നായകന്‍ പറഞ്ഞത്.

ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് സെമിഫൈനല്‍ കളിക്കുക എന്നാണ് ബട്‌ലര്‍ വീഡിയോയില്‍ പറയുന്നത്. ലോകകപ്പിലെ ടോപ് സ്‌കോറര്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആവുമെന്നും ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുക യുസ്വേന്ദ്ര ചഹല്‍ ആയിരിക്കുമെന്നും ഇംഗ്ലണ്ട് നായകന്‍ പറഞ്ഞു.

2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു സാംസണ്‍ നടത്തിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ രാജസ്ഥാനെ രണ്ടാം ക്വാളിഫയര്‍ വരെ എത്തിക്കാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നു.

ബാറ്റിങ്ങിലും മിന്നും പ്രകടനമാണ് സഞ്ജു നടത്തിയത്. അഞ്ച് അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 531 റണ്‍സാണ് സഞ്ജു ഐ.പി.എല്ലില്‍ അടിച്ചുകൂട്ടിയത്. 48.27 ആവറേജിലും 153. 47 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

സഞ്ജുവിന്റെ ഈ തകര്‍പ്പന്‍ ഫോം ലോകകപ്പില്‍ ഇന്ത്യന്‍ ജേഴ്സിയിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ അയര്‍ലാന്‍ഡിനെതിര കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് 16 ഓവറില്‍ 96 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 12.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ജൂണ്‍ ഒമ്പതിന് പാകിസ്ഥനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlight: Jos Butler Talks about the top four team and top scorer in 2024 ICC T20 World Cup

We use cookies to give you the best possible experience. Learn more