ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. അയര്‍ലന്‍ഡിനെതിരെയിറങ്ങിയ ഇന്ത്യന്‍ ടീമിനൊപ്പം നായകന്‍ രോഹിത് ശര്‍മയും കൂടെ ആദ്യ മത്സരത്തില്‍ ഇറങ്ങിയിരുന്നു.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു രോഹിത് ശര്‍മ. ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ച്വറിയുടെയും രോഹിത്, ഹൂഡ, സൂര്യകുമാര്‍ എന്നിവരുടെ വെടിക്കെട്ടിന്റെയും ബലത്തിലും ഇന്ത്യ 198 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് പടയെ 148 റണ്‍സില്‍ എറിഞ്ഞിടുകയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍.
വെടിക്കെട്ട് ബാറ്റര്‍മാരുടെ ഒരു നിര തന്നെ ഇംഗ്ലണ്ടിനുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിന് മുമ്പില്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ വിയര്‍ക്കുകയായിരുന്നു.
ഇന്ത്യയുടെ സൂപ്പര്‍ ബൗളര്‍ ഭുവനേശ്വര്‍ കുമാറായിരുന്നു ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിനെ ഔട്ടാക്കിയത്. ബാറ്റര്‍മാര്‍ക്ക് ഒരിക്കലും പിക്ക് ചെയ്യാന്‍ സാധിക്കാത്ത രീതിയിലുള്ള ഇന്‍സ്വിങ്ങറായിരുന്നു ബട്‌ലറിനെ പുറത്താക്കിയത്.
മത്സരത്തിന് മുമ്പ് ഇന്ത്യയെ ആക്രമിച്ച് തന്നെ കളിക്കുമെന്ന് വെല്ലുവിളിച്ച് ബട്‌ലര്‍ പൂജ്യത്തിനായിരുന്നു മടങ്ങിയത്. മത്സര ശേഷം ഇന്ത്യന്‍ ബൗളര്‍മാരെ പുകഴ്ത്തി പറയാനും ബട്‌ലര്‍ മറന്നില്ല.
An absolute peach from Bhuvneshwar Kumar. pic.twitter.com/OOq16tA4tl
— Mufaddal Vohra (@mufaddal_vohra) July 7, 2022
ഒരു ട്വന്റി-20 മത്സരത്തില്‍ ഇത്രയും സ്വിങ് ചിലപ്പോള്‍ ആദ്യമായിട്ടായിരിക്കും. ഭുവനേശ്വര്‍ കുമാറിന് രണ്ട് വശത്തേക്കും സ്വിങ് ചെയ്യാന്‍ സാധിക്കും എന്നായിരുന്നു ബട്‌ലര്‍ പറഞ്ഞത്.
‘ന്യൂ ബോളില്‍ ഭുവി നന്നായി ബൗള്‍ ചെയ്യുകയും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് ആ ഘട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. അവന്‍ സ്ഥിരതയാര്‍ന്ന സ്വിങ് ബോള്‍ കൊണ്ട് ഞങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. ഭുവനേശ്വര്‍ കുമാറിന് ബോള്‍ ഏത് പൊസിഷനിലും സ്വിങ്ങ് ചെയ്യാന്‍ സാധിക്കും.
ഒരു ടി-20 മത്സരത്തില്‍, എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നതിലും കൂടുതല്‍ സമയം പന്ത് സ്വിങ് ചെയ്യുന്നു. ഒരുപക്ഷേ നമുക്ക് സ്റ്റാന്‍ഡില്‍ ഒന്ന് അടിച്ച് ആ സ്വിങ് തടയാം എന്ന് ആലോചിച്ചു. എന്നാല്‍ അതിന് സാധിച്ചില്ല. എല്ലാ ക്രെഡിറ്റും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കാണ്. അവര്‍ നന്നായി കളിച്ചു,’ ബട്‌ലര്‍ പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കം മുതലെ ആക്രമിച്ചായിരുന്നു കളിച്ചത്. ഇഷാന്‍ കിഷന്‍ നേരത്തെ മടങ്ങിയെങ്കിലും രോഹിത്തും ദീപക് ഹൂഡയും ഇന്ത്യയെ ട്രാക്കിലാക്കി പിന്നീട് വന്ന സൂര്യകുമാര്‍ യാദവ് വെടിക്കെട്ട് നടത്തുകയായിരുന്നു.
എന്നാല്‍ ഇന്ത്യന്‍ നിരയിലെ യഥാര്‍ത്ഥ ഹീറോ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ബാറ്റിങ്ങില്‍ 30 പന്തില്‍ 51 റണ്‍സ് നേടിയ ഹര്‍ദിക് ബൗളിങ്ങില്‍ നാല് വിക്കറ്റും നേടി. ഹര്‍ദിക്ക് തന്നെയായിരുന്നു കളിയിലെ താരവും.
സൂര്യകുമാര്‍ 19 പന്തില്‍ 39 റണ്‍സ് നേടിയപ്പോള്‍ ഹൂഡ 33ഉം രോഹിത് 24ഉം റണ്‍ നേടി. അക്‌സര്‍ പട്ടേലും ദിനേഷ് കാര്‍ത്തിക്കും ഫിനിഷിങ്ങില്‍ മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ 198 എന്ന മികച്ച ടോട്ടല്‍ കരസ്ഥമാക്കി.
മറുപടി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് പടയെ ഇന്ത്യന്‍ ബൗളിങ് അടക്കിനിര്‍ത്തുകയായിരുന്നു. നായകനായ ആദ്യ മത്സരത്തില്‍ തന്നെ ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ പൂജ്യത്തിന് പുറത്തായി. 36 റണ്‍സ് എടുത്ത മോയിന്‍ അലി ഒഴികെ മറ്റാരും ഇംഗ്ലണ്ട് നിരയില്‍ 30 റണ്‍സിന് മുകളില് നേടിയില്ല.
ശനിയാഴ്ച എഡ്ജ്ബാസ്റ്റണിലാണ് രണ്ടാം ട്വന്റി 20 മത്സരം.
Content Highlights: Jos Butler praises Indian Bowling and Bhuvaneshwar Kumar