ഇംഗ്ലണ്ട്-പാകിസ്ഥാന്‍ നാല് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരം ഇന്നാണ് നടക്കുക. സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ കളിക്കില്ല. ഈ മത്സരത്തിന് മുന്നോടിയായി ബട്‌ലര്‍ ഇംഗ്ലണ്ട് ടീം വിട്ടു. തന്റെ മൂന്നാമത്തെ കുട്ടിയുടെ ജനനത്തിനായി ഭാര്യക്കൊപ്പമുണ്ടാകാനാണ് ബട്‌ലര്‍ മൂന്നാം ടി-20യില്‍ നിന്നും പിന്മാറിയത്.
ജോസ് ബട്‌ലറുടെ അഭാവത്തില്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മോയിന്‍ അലിയായിരിക്കും ഇംഗ്ലണ്ട് ടീമിനെ നയിക്കുക. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് 23 റണ്‍സിന് പാകിസ്ഥാൻ പരാജയപ്പെടുത്തി പരമ്പരയില്‍ 1-0ത്തിന് മുന്നിലാണിപ്പോള്‍.
ഈ മത്സരത്തില്‍ 51 പന്തില്‍ 84 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 164.71 സ്ട്രൈക്ക് റേറ്റില്‍ എട്ട് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരം നേടിയത്. ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്വന്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ ടി-20യില്‍ 3000 റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലണ്ട് താരം എന്ന നേട്ടമാണ് ബട്ലര്‍ സ്വന്തം പേരിലാക്കിയത്.
ഐ.പി.എല്ലിലും മിന്നും ഫോമിലാണ് ഇംഗ്ലണ്ട് നായകന്‍ കളിച്ചത്. 11 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 359 റണ്‍സാണ് ബട്‌ലര്‍ നേടിയത്. എന്നാല്‍ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ഈ പരമ്പര കളിക്കാന്‍ താരം നേരത്തെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു പോയിരുന്നു.