വമ്പൻ പോരിന് മുമ്പേ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ഓസ്‌ട്രേലിയക്കെതിരെ സൂപ്പർതാരം കളിക്കില്ല
Cricket
വമ്പൻ പോരിന് മുമ്പേ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; ഓസ്‌ട്രേലിയക്കെതിരെ സൂപ്പർതാരം കളിക്കില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 3rd September 2024, 12:06 pm

ഇംഗ്ലണ്ടും-ഓസ്‌ട്രേലിയയും തമ്മിലുള്ള പരമ്പരക്ക് കളമൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 11 മുതല്‍ 29 വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് വീതം ടി-20യും അഞ്ച് വീതം ഏകദിനവുമാണ് പരമ്പരയിലുള്ളത്.

ഇംഗ്ലണ്ടിന്റെ തട്ടകത്തില്‍ നടക്കുന്ന ആവേശകരമായ ഈ പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലീഷ് ടീമിനെ നിരാശ നല്‍കുന്ന വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്‌ലറിന് പരിക്ക് പറ്റിയിരിക്കുകയാണ്.

ടി-20 ബ്ലാസ്റ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സസെക്‌സിനെതിരെ ബട്‌ലര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഈ മത്സരത്തില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ലങ്കാഷെയറിന്റെ ഭാഗമാകില്ലെന്ന് ടീമിന്റെ മുഖ്യപരിശീലകന്‍ ഡെയ്ല്‍ ബെങ്കന്‍സ്റ്റീന്‍ പറഞ്ഞു.

‘ജോസ് ബട്‌ലര്‍ പരിക്കില്‍ നിന്നും സുഖം പ്രാപിച്ചിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് വീണ്ടും പരിക്ക് പറ്റി. ബട്‌ലറിന് ഈ മത്സരങ്ങളില്‍ നിന്നും മാത്രമല്ല അന്താരാഷ്ട്ര മത്സരങ്ങളിലും കളിക്കാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഞങ്ങളുടെ മത്സരങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു,’ ഡെയ്ല്‍ ബെങ്കന്‍സ്റ്റീന്‍ ബി.ബി.സി.യോട് പറഞ്ഞു.

ജോസ് ബട്‌ലറിന് പകരക്കാരനായി ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ട് ടീമിനെ ആരാണ് നയിക്കുക ഇപ്പോഴും തീരുമാനമായിട്ടില്ല. നിലവില്‍ ഇംഗ്ലീഷ് ടീമിന് ഔദ്യോഗികമായി ഒരു വൈസ് ക്യാപ്റ്റനില്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്. സാം കറന്‍, ഫില്‍ സാള്‍ട്ട് എന്നിവരാണ് ബട്‌ലറിന് പകരം ഇംഗ്ലണ്ടിനെ നയിക്കാന്‍ സാധ്യതയില്‍ മുന്നിലുള്ള താരങ്ങള്‍.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെ കുറച്ചു മത്സരങ്ങളില്‍ നയിക്കാന്‍ സാമിന് സാധിച്ചിരുന്നു. ഇന്ത്യന്‍ സൂപ്പര്‍താരം ശിഖര്‍ ധവാന്റെ അഭാവത്തിലായിരുന്നു സാം പഞ്ചാബിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. മറുഭാഗത്ത് സാള്‍ട്ട് ബട്‌ലറിന്റെ അഭാവത്തില്‍ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെയും നയിച്ചിട്ടുണ്ട്.

ഇംഗ്ലണ്ട് ടീം നിലവില്‍ ശ്രീലങ്കയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലാണ്. സീരീസിലെ ആദ്യ രണ്ടു മത്സരങ്ങള്‍ വിജയിച്ചുകൊണ്ട് നേരത്തെ തന്നെ ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ക്കും രണ്ടാം മത്സരത്തില്‍ 190 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയിച്ചത്. സെപ്റ്റംബര്‍ ആറ് മുതല്‍ പത്ത് വരെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഓവലാണ് വേദി.

 

Content Highlight: Jos Butler Injury And Will Miss Australia Series