ടി-20 ലോകകപ്പില്‍ സൂപ്പര്‍ 8ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.എസ്.എയെ ഇംഗ്ലണ്ട് പത്ത് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 18.5 ഓവറില്‍ 115 റണ്‍സിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 62 പന്തുകളും പത്ത് വിക്കറ്റും ബാക്കിനില്‍ക്കെ അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. വിജയത്തിന് പിന്നാലെ ഈ ലോകകപ്പില്‍ സെമിഫൈനല്‍ പ്രവേശിക്കുന്ന ആദ്യത്തെ ടീമായി മാറാനും ഇംഗ്ലണ്ടിന് സാധിച്ചു.
38 പന്തില്‍ 83 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ജോസ് ബട്ലറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ആറ് ഫോറുകളും ഏഴ് സിക്സുകളുമാണ് ബട്ലര്‍ നേടിയത്.
ഹര്‍മീത് സിങ്ങിന്റെ ഒമ്പതാം ഓവറില്‍ അഞ്ച് സിക്‌സുകളാണ് ബട്ലര്‍ അടിച്ചെടുത്തത്. ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടവും ബട്‌ലര്‍ സ്വന്തമാക്കി. ടി-20 ലോകകപ്പില്‍ ഒരു ഇന്നിങ്‌സിന്റെ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഇംഗ്ലണ്ട് നായകന്‍ സ്വന്തമാക്കിയത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ് ആയിരുന്നു. 2007 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ സ്റ്റുവര്‍ട്ട് ബോഡിന്റെ ഓവറില്‍ ആറ് സിക്‌സുകളാണ് യുവരാജ് നേടിയത്.
അതേസമയം ആദ്യം ബാറ്റ് ചെയ്താല്‍ അമേരിക്കയെ ഹാട്രിക് അടക്കം നാല് വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ പേസര്‍ ക്രിസ് ജോര്‍ദാനാണ് എറിഞ്ഞുവീഴ്ത്തിയത്. ആദില്‍ റഷീദ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റും ലിയാം ലിവിങ്സ്റ്റണ്‍, റീസ്ലി ടോപ്ലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.