ബാലണ്‍ ഡി ഓര്‍ ബെന്‍സെമ നേടിക്കോട്ടെ, മികച്ച താരം മെസി തന്നെയാണ്; സൂപ്പര്‍താരത്തെ കുറിച്ച് കോച്ച്
Football
ബാലണ്‍ ഡി ഓര്‍ ബെന്‍സെമ നേടിക്കോട്ടെ, മികച്ച താരം മെസി തന്നെയാണ്; സൂപ്പര്‍താരത്തെ കുറിച്ച് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 7th April 2023, 2:00 pm

ഫ്രഞ്ച് ഫുട്ബോള്‍ മാഗസിന്‍ നല്‍കുന്ന ബാലണ്‍ ഡി ഓര്‍ ചുരുക്കപ്പട്ടികയിലെ 30 താരങ്ങളില്‍ നിന്ന് കഴിഞ്ഞ സീസണില്‍ കരിം ബെന്‍സെമയാണ് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നത്. വോട്ടെടുപ്പിലൂടെയാണ് വിജയിയെ തെരഞ്ഞെടുത്തത്.

യുവേഫ ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെച്ച ബെന്‍സെമ തന്നെയായിരുന്നു സാധ്യതാ പട്ടികയില്‍ മുന്നിലുണ്ടായിരുന്നത്. ബാഴ്സലോണയുടെ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ലിവര്‍പൂളിന്റെ മുഹമ്മദ് സലാ, ബയേണ്‍ മ്യൂണിക് താരം സാദിയോ മാനെ, യുണൈറ്റഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെല്ലാം സാധ്യതാ പട്ടികയിലുണ്ടായിരുന്നു.

എന്നാല്‍ ആദ്യ മുപ്പത് പേരുകളില്‍ പി.എസ്.ജി സൂപ്പര്‍താരം ലയണല്‍ മെസി ഉണ്ടായിരുന്നില്ല. മെസിയെ നോമിനേഷനില്‍ നിന്ന് ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇത്തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് ആര് അര്‍ഹനാകുമെന്ന് ആരാധകര്‍ ഉറ്റുനോക്കവെ മികച്ച ഫോമില്‍ തുടരുകയാണ് ബെന്‍സെമ, മെസി, കിലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങള്‍.

അര്‍ജന്റീനയുടെ മുന്‍ പരിശീലകന്‍ ജോര്‍ജ് സാമ്പവോളി മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി തരംഗമാവുകയാണിപ്പോള്‍. കഴിഞ്ഞ സീസണിലെ മാത്രം പെര്‍ഫോമന്‍സ് വെച്ച് വിലയിരുത്തല്‍ നടത്തിയത് കൊണ്ടാണ് മെസിക്ക് പുരസ്‌കാരം നഷ്ടമായതെന്നും താരത്തിന് കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ മതിയായ പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് സാമ്പവോളി പറഞ്ഞിരുന്നത്. കരിം ബെന്‍സെമ ബാലണ്‍ ഡി ഓര്‍ അര്‍ഹിക്കുന്നുണ്ടെന്നും എന്നാലത് മെസി അല്പം പുറകോട്ട് പോയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘മെസി ഈയിടെ കളിയില്‍ അല്പം പുറകോട്ട് പോയത് നമുക്കെല്ലാം അറിയാവുന്നതാണ്. ബാഴ്സയിലെ അവസാന നാളുകളില്‍ സൈനിങ് പുതുക്കാന്‍ കഴിയാതെ താരത്തിന് ക്ലബ്ബ് വിടേണ്ടി വന്നത് മാനസികമായി അദ്ദേഹത്തെ തളര്‍ത്തിയിരുന്നു.

പി.എസ്.ജിയില്‍ എത്തിയിട്ടും തുടക്കം ഗംഭീരമാക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് ഏഴ് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിന് ഇത്തവണ അവസരം നഷ്ടമായത്,’ സാമ്പവോളി വ്യക്തമാക്കി.

Content Highlights: Jorge Sampaoli praises Lionel Messi