മെസിയും ക്രിസ്റ്റ്യാനോയും വ്യത്യസ്ത കളിക്കാരാണ്; ഇരുവരെയും മറഡോണയോട് ഉപമിക്കരുത്; ഫാന്‍ ഡിബേറ്റില്‍ മുന്‍ പോര്‍ച്ചുഗീസ് താരം
DSport
മെസിയും ക്രിസ്റ്റ്യാനോയും വ്യത്യസ്ത കളിക്കാരാണ്; ഇരുവരെയും മറഡോണയോട് ഉപമിക്കരുത്; ഫാന്‍ ഡിബേറ്റില്‍ മുന്‍ പോര്‍ച്ചുഗീസ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th May 2023, 12:11 pm

ഫുട്‌ബോള്‍ ദൈവങ്ങളായ പെലെ-മറഡോണ ഫാന്‍ ഡിബേറ്റിനോട് സമാനമായ ഫൈറ്റുകളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലയണല്‍ മെസിയുടെയും കാര്യത്തില്‍ നടക്കാറുള്ളത്. ആരാണ് മികച്ചതെന്ന് ചൂണ്ടിക്കാണിക്കാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ലോക ചാമ്പ്യനായതിന് ശേഷം മെസിയാണ് മികച്ചതെന്ന് ആരാധകര്‍ അഭിപ്രായപ്പെടാറുണ്ടെങ്കിലും കണക്കുകള്‍ക്ക് പോലും ഇരുവരില്‍ ഒരാളെ ചൂണ്ടിക്കാട്ടാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഫാന്‍ ഡിബേറ്റില്‍ വ്യത്യസ്ത അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍ ബെന്‍ഫിക്ക കോച്ചും പോര്‍ച്ചുഗീസ് താരവുമായിരുന്ന ജോര്‍ജ് ജീസസ്.
മറഡോണയോട് ആധുനിക ഫുട്‌ബോള്‍ താരങ്ങളെ സാദൃശ്യപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വളരെ പാഷനേറ്റ് ആയിട്ടുള്ള താരമായിരുന്നെന്നും ജീസസ് പറഞ്ഞു. ക്രിസ്റ്റ്യാനോക്ക് അല്‍പമെങ്കിലും അഭിനിവേശം ഉണ്ടെന്നും എന്നാല്‍ മെസി അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.

‘പെലെയെ കുറിച്ച് പറയുന്നത് പോലെ ലോകത്തിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് മറഡോണ. മറഡോണ പ്രതിഭയായിരുന്നു, അത് അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. അദ്ദേഹം ഒരു ഫുട്‌ബോളറാകാന്‍ ജനിച്ചയാളാണ്. ജന്മനാ അദ്ദേഹം കഴുവുകളുള്ളയാളാണ്.

ആധുനിക ഫുട്‌ബോളിലെ രണ്ട് താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും മെസിയുടെയും കാര്യം പറയുകയാണെങ്കില്‍ മെസിക്ക് യാതൊന്നും ഇല്ല. അദ്ദേഹത്തിന് ഒരു അഭിനിവേശവും ഇല്ല. മെസി മികച്ച കളിക്കാരനാണ്. പക്ഷെ നമ്മള്‍ ജീവിതാനുഭവങ്ങളെയും അഭിനിവേശത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ മെസിയെ കുറിച്ച് അങ്ങനെയൊന്നും പറയാനില്ല. ക്രിസ്റ്റ്യാനോക്ക് കുറച്ചെങ്കിലും പാഷന്‍ ഉണ്ടെന്നാണ് എന്റെ അഭിപ്രായം. ഈ നിരയില്‍ മറഡോണ തന്നെയാണ് എല്ലാത്തിനും മുകളില്‍,’ ജീസസ് പറഞ്ഞു.

ക്ലബ്ബ് ഫുട്‌ബോള്‍ കരിയറില്‍ നിന്നും ഇതുവരെ 834 ഗോളുകള്‍ റോണോ സ്വന്തമാക്കിയപ്പോള്‍, മെസിയുടെ സമ്പാദ്യം 805 ഗോളുകളാണ്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയായിരുന്നു റൊണാള്‍ഡോ തന്റെ 700ാം ഗോള്‍ നേടിയത്. ഇതോടെ ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ക്ലബ്ബ് ഫുട്‌ബോള്‍ ഗോള്‍ കണക്കില്‍ മെസിയെക്കാള്‍ മുന്നിലാണ് റൊണാള്‍ഡോ. പക്ഷെ റൊണാള്‍ഡോ കളി ആരംഭിച്ച് രണ്ട് സീസണുകള്‍ കഴിഞ്ഞപ്പോഴാണ് മെസി ക്ലബ്ബ് ഫുട്‌ബോള്‍ മത്സരങ്ങളില്‍ സജീവമായത്.

2011-2012 സീസണില്‍ നേടിയ 73 ഗോളുകളാണ് മെസിയുടെ ഒരു സീസണിലെ ഉയര്‍ന്ന ഗോള്‍ നേട്ടം. 2014-2015 സീസണില്‍ നേടിയ 61 ഗോളുകളാണ് റോണോയുടെ ഉയര്‍ന്ന ഗോള്‍ നേട്ടം.

എന്നാല്‍ അസിസ്റ്റുകളുടെ കണക്കില്‍ മെസി റൊണാള്‍ഡോയെക്കാള്‍ ഏറെ മുന്നിലാണ്. സഹതാരങ്ങള്‍ക്ക് ക്ലബ്ബ് ഫുട്‌ബോളില്‍ മൊത്തം 296 തവണ മെസി ഗോളടിക്കാന്‍ അവസരമൊരുക്കിയപ്പോള്‍, 201 തവണയാണ് റൊണാള്‍ഡോയുടെ അസിസ്റ്റുകളില്‍ നിന്ന് സഹതാരങ്ങള്‍ ഗോളുകള്‍ സ്വന്തമാക്കിയത്.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച ടൂര്‍ണമെന്റുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന ചാമ്പ്യന്‍സ് ലീഗിലെ ഗോളടിക്കണക്കില്‍ റൊണാള്‍ഡോ മെസിയെക്കാള്‍ മുന്നിലാണ്. 183 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും റോണോ 140 ഗോളടിച്ചപ്പോള്‍, 161 മത്സരങ്ങളില്‍ നിന്നും 129 ഗോളുകളാണ് മെസി സ്വന്തമാക്കിയത്.

Content Highlights: Jorge Mendes on Messi-Ronaldo fan debate