| Saturday, 7th October 2023, 4:40 pm

'മാഡ്രിഡ്, പി.എസ്.ജി, അല്‍ ഹിലാല്‍...'; മെസിയുടെ കാര്യത്തില്‍ സമ്മര്‍ദം ചെലുത്തിയവരെ കുറിച്ച് മയാമിയുടെ സഹ ഉടമ

സ്പോര്‍ട്സ് ഡെസ്‌ക്

പല വെല്ലുവിളികളും സ്വീകരിച്ചാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ക്ലബ്ബിലെത്തിച്ചതെന്ന് ഇന്റര്‍ മയാമിയുടെ സഹ ഉടമ ജോര്‍ജ് മാസ്. നിരവധി ക്ലബ്ബുകളില്‍ നിന്നുള്ള സമ്മര്‍ദമുണ്ടായിരുന്നെന്നും മാസങ്ങളോളം അതിന്റെ പിന്നിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുന്ന കാര്യത്തില്‍ മാത്രമല്ല, ബാഴ്സലോണയിലേക്ക് താരത്തെ തിരികെയെത്തിക്കുന്നതിനും സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്നുമൊക്കെ സമ്മര്‍ദമുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ സംഘര്‍ഷഭരിതമായ മാസങ്ങളിലൂടെയാണ് കടന്നുപോയത്. റൊസാരിയോ, ബാഴ്സലോണ, മാഡ്രിഡ്, പാരീസ്, മയാമി, ദോഹ എന്നിവടങ്ങളിലായി നിരവധി മീറ്റിങ്ങുകള്‍ അറ്റന്‍ഡ് ചെയ്യേണ്ടി വന്നിരുന്നു,’ ജോര്‍ജ് മാസ് പറഞ്ഞു.

മൂന്ന് വര്‍ഷത്തോളം താന്‍ ഇതിന്റെ പിറകെയായിരുന്നെന്നും മെസിയെ ക്ലബ്ബിലെത്തിക്കുന്നതിന് ആപ്പിള്‍ കമ്പനിയുമായുള്ള കരാര്‍ നിര്‍ബന്ധമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മൂന്ന് വര്‍ഷം ഞാന്‍ ഇതിന്റെ പിറകെയായിരുന്നു. ഒന്നര വര്‍ഷം തീവ്ര പരിശ്രമം തന്നെ നടത്തി. അതിനായി മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെയുമായി നിരന്തര സംഭാഷണം നടത്തിയിരുന്നു. ഡേവിഡ് ബെക്കാം മെസിയോടും സംസാരിച്ചു. അദ്ദേഹം പക്ഷെ കളിക്കാരനായിരുന്നത് കൊണ്ട് ഫുട്‌ബോളിനെ കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചത്.

അങ്ങനെ മെയ് അവസാനത്തോടെ കാര്യത്തിലൊരു തീരുമാനമായി. മെസിയെ സമ്മര്‍ദത്തിലാക്കരുതെന്ന് എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ ബാഴ്‌സലോണയിലും മിയാമിയിലും റൊസാരിയോയിലും സംസാരിച്ചു. ലോകകപ്പിന് മുഴുവന്‍ ഖത്തറില്‍ ചെലവഴിച്ചു, അര്‍ജന്റീനയെ വീക്ഷിച്ചു. മെസിയുമായുള്ള ഡീല്‍ പൂര്‍ത്തീകരിക്കുന്നതിന് ആപ്പിളുമായുള്ള കരാര്‍ നിര്‍ബന്ധമായി വന്നു,’ മാസ് പറഞ്ഞു.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

അതേസമയം, മേജര്‍ ലീഗ് സോക്കറിന്റെ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍ മയാമിക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കാതെ വന്നാല്‍ അടുത്ത ജനുവരിയില്‍ മെസിക്ക് കറ്റാലന്‍മാരുടെ പടകുടീരത്തിലേക്ക് മടങ്ങിയെത്താമെന്നാണ് റിപ്പോര്‍ട്ട്.

ലോണ്‍ അടിസ്ഥാനത്തിലാകും മെസി സ്പെയിനിലേക്ക് മടങ്ങിയെത്തുക. സ്പാനിഷ് മാധ്യമമായ എ.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ 17 വര്‍ഷക്കാലം താന്‍ കളിച്ച അതേ ക്ലബ്ബില്‍ മെസിക്ക് വിടവാങ്ങലിനും ഇതോടെ വഴിയൊരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Content Highlights: Jorge Mass reveals the difficulities he faced before signing with Lionel Messi

We use cookies to give you the best possible experience. Learn more