മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായുള്ള ലയണല്‍ മെസിയുടെ കരാര്‍ സംബന്ധ വിവരങ്ങള്‍ പങ്കുവെച്ച് ക്ലബ്ബിന്റെ സഹ ഉടമ ജോര്‍ജ് മാസ്. മൂന്ന് വര്‍ഷത്തോളം താന്‍ ഇതിന്റെ പിറകെയായിരുന്നെന്നും മെസിയെ ക്ലബ്ബിലെത്തിക്കുന്നതിന് ആപ്പിള്‍ കമ്പനിയുമായുള്ള കരാര്‍ നിര്‍ബന്ധമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ബ്‌സിനോടാണ് മാസ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മൂന്ന് വര്‍ഷം ഞാന്‍ ഇതിന്റെ പിറകെയായിരുന്നു. ഒന്നര വര്‍ഷം തീവ്ര പരിശ്രമം തന്നെ നടത്തി. അതിനായി മെസിയുടെ പിതാവും ഏജന്റുമായ ഹോര്‍ഗെയുമായി നിരന്തര സംഭാഷണം നടത്തിയിരുന്നു. ഡേവിഡ് ബെക്കാം മെസിയോടും സംസാരിച്ചു. അദ്ദേഹം പക്ഷെ കളിക്കാരനായിരുന്നത് കൊണ്ട് ഫുട്‌ബോളിനെ കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാണ് സംസാരിച്ചത്.
അങ്ങനെ മെയ് അവസാനത്തോടെ കാര്യത്തിലൊരു തീരുമാനമായി. മെസിയെ സമ്മര്‍ദത്തിലാക്കരുതെന്ന് എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ ബാഴ്‌സലോണയിലും മിയാമിയിലും റൊസാരിയോയിലും സംസാരിച്ചു. ലോകകപ്പിന് മുഴുവന്‍ ഖത്തറില്‍ ചെലവഴിച്ചു, അര്‍ജന്റീനയെ വീക്ഷിച്ചു. മെസിയുമായുള്ള ഡീല്‍ പൂര്‍ത്തീകരിക്കുന്നതിന് ആപ്പിളുമായുള്ള കരാര്‍ നിര്‍ബന്ധമായി വന്നു,’ മാസ് പറഞ്ഞു.
അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.
Content Highlights: Jorge Mas about Lionel Messi’s signing with Inter Miami