|

മറഡോണയുടെ ആ ഗുണം റൊണാള്‍ഡോക്ക് പേരിനെങ്കിലുമുണ്ട്, മെസിക്ക് ഒട്ടുമില്ല; ഗോട്ട് ഡിബേറ്റില്‍ ഇരുവരെയും തള്ളി പോര്‍ച്ചുഗീസ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ ആര് എന്ന തര്‍ക്കം ഇപ്പോഴും അന്ത്യമില്ലാതെ തുടരുകയാണ്. മെസിയാണോ റൊണാള്‍ഡോയാണോ മികച്ചത് എന്ന ചോദ്യത്തില്‍ ആരാധകര്‍ ഇപ്പോഴും രണ്ട് അഭിപ്രായക്കാരാണ്.

മെസിയാണ് മികച്ചതെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശത്ത് റൊണാള്‍ഡോയാണ് മികച്ചതെന്ന് മറ്റൊരു കൂട്ടരും പറയുന്നു. ഇരുവരും ഒരുപോലെ മികച്ചവരെന്നും ഇതിഹാസങ്ങള്‍ തന്നെയെന്നും അംഗീകരിക്കുന്നവരും കുറവല്ല.

ഒരു പതിറ്റാണ്ടിലേറെ കാലം പരസ്പരം മത്സരിച്ചാണ് ഇരുവരും ഫുട്ബോള്‍ ലോകത്തെ രണ്ട് ധ്രുവങ്ങളില്‍ നിര്‍ത്തിയത്. മെസിയും റോണോയും നേര്‍ക്കുനേര്‍ വന്ന ബാഴ്‌സലോണ-റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ പോരാട്ടങ്ങള്‍ ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

ഇപ്പോള്‍ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ സ്‌പോര്‍ട്ടിങ് സി.പി പരിശീലകനായ ജോര്‍ജ് ജീസസ്. മെസിയോ റൊണാള്‍ഡോയോ അല്ല എക്കാലത്തെയും മികച്ച താരമെന്നാണ് ജീസസ് അഭിപ്രായപ്പെടുന്നത്. പകരം ഇതിഹാസ താരം ഡിഗോ മറഡോണയെയാണ് അദ്ദേഹം തെരഞ്ഞെടുക്കുന്നത്.

മറഡോണക്ക് ഫുട്‌ബോളിനോടുണ്ടായിരുന്ന പാഷന്‍ ഇരുവര്‍ക്കും ഇല്ല എന്നാണ് ജീസസ് പറയുന്നത്. റൊണാള്‍ഡോക്ക് കാല്‍പ്പന്തിനോട് അല്‍പമെങ്കിലും പാഷനുണ്ടെന്നും എന്നാല്‍ മെസിക്ക് അത് ഇല്ല എന്നുമാണ് ജീസസ് അഭിപ്രായപ്പെടുന്നത്.

2020ല്‍ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘നിലവില്‍ ഫു്ടബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ക്രിസ്റ്റ്യാനോക്ക് വളരെ കുറച്ചെങ്കിലും ആ പാഷനുണ്ട്. എന്നാല്‍ മെസിക്ക് ഒന്നുമില്ല. മെസിക്ക് ഒരു തരത്തിലുമുള്ള പാഷന്‍ ഇല്ല.

മെസി വളരെ മികച്ച താരം തന്നെയാണ്, എന്നാല്‍ ഫുട്‌ബോളിനെ കുറിച്ചും ആ വികാരത്തെ കുറിച്ചും ഫുട്‌ബോള്‍ എന്ന ഗെയിമിനോടുള്ള പാഷനെ കുറിച്ചുമാണ് നമ്മള്‍ സംസാരിക്കുന്നത്. ഇക്കാര്യം പരിശോധിക്കുമ്പോള്‍ മറഡോണയാണ് എല്ലാവരെക്കാളും മുകളില്‍ എന്ന് പറയേണ്ടിവരും.

പെലെക്കൊപ്പം, ഈ ലോകത്തിലെ ഏറ്റവും മികച്ച താരമായിരുന്നു മറഡോണ. അദ്ദേഹമിപ്പോഴും (പെലെ) ജീവിച്ചിരിക്കുന്നുണ്ട്. മറഡോണ ഏറ്റവും മികച്ചതായിരുന്നു, കാരണം അദ്ദേഹം ഒരു ജീനിയസായിരുന്നു എന്നത് മാത്രമല്ല, മറിച്ച് അത് എപ്രകാരം പുറത്തെടുക്കുന്നു എന്നതിലാണ്. എന്നെ സംബന്ധിച്ച് അവിടെയാണ് പ്രധാന വ്യത്യാസം ഉണ്ടാകുന്നത്.

അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു വേള്‍ഡ് ക്ലാസ് ഫുട്‌ബോളറായിരുന്നു, പക്ഷേ അദ്ദേഹത്തിന് ഫുട്‌ബോളിനോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു. ഒരു മികച്ച ഫുട്‌ബോളറാകാന്‍ വേണ്ടി പിറവിയെടുത്തയാളാണ് മറഡോണ.

ഒരു ഫുട്‌ബോളറാകാനുള്ള എല്ലാ ഗുണവും ഉള്‍ക്കൊണ്ടുകൊണ്ടാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹം കേവലം കഠിനാധ്വാനത്തിന്റെ മാത്രം ഫലമായിരുന്നില്ല, അദ്ദേഹം ജനിച്ചതുതന്നെ ഇങ്ങനെയാണ്,’ ജീസസ് പറഞ്ഞു.

ജീസസ് അഭിമുഖം നല്‍കുമ്പോള്‍ മറഡോണ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.

Content highlight: Jorge Jesus picks Diego Maradona over Lionel Messi and Cristiano Ronaldo in GOAT debate