മെസിയെ മുന്‍ നിര്‍ത്തി തന്ത്രങ്ങള്‍ മെനഞ്ഞ് ബാഴ്‌സ; ഒരു താരം കൂടി ബ്ലൂഗ്രാനയുടെ പടിയിറങ്ങുന്നു; റിപ്പോര്‍ട്ട്
Football
മെസിയെ മുന്‍ നിര്‍ത്തി തന്ത്രങ്ങള്‍ മെനഞ്ഞ് ബാഴ്‌സ; ഒരു താരം കൂടി ബ്ലൂഗ്രാനയുടെ പടിയിറങ്ങുന്നു; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th May 2023, 2:53 pm

വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ക്ലബ്ബിലേക്ക് തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയിലാണ് ബാഴ്‌സലോണ. ജൂണില്‍ ക്ലബ്ബില്‍ നിന്ന് പുറത്തുപോകാനിരിക്കുന്ന താരങ്ങളെയും പുതുതായി ക്ലബ്ബിലെത്തിക്കാനുള്ള താരങ്ങളെയും ബാഴ്‌സ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബാഴ്സലോണയുടെ വരാനിരിക്കുന്ന സീസണില്‍ ജോര്‍ധി ആല്‍ബക്ക് സ്ഥാനമുണ്ടാകില്ലെന്ന് പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ക്ലബ്ബില്‍ അഴിച്ചുപണികള്‍ നടത്തുന്നതിനാല്‍ 34കാരനായ താരത്തോടെ ക്ലബ്ബ് വിടാന്‍ സാവി ആവശ്യപ്പെടുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആല്‍ബയെക്കാള്‍ മികച്ച പ്രകടനമാണ് മാര്‍ക്കോസ് അലോന്‍സോ കാഴ്ചവെക്കുന്നത് എന്നതിനാല്‍ താരത്തെ നിലനിര്‍ത്തി ആല്‍ബയെ റിലീസ് ചെയ്യാനാണ് ബാഴ്‌സയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം ആല്‍ബ 345 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മെസിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് താരം മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു.

ഇരുവര്‍ക്കും പരസ്പരം അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും കരിയറിലെ തന്റെ ജീവിതം രസകരമാക്കുന്നതില്‍ മെസി പങ്കുവഹിച്ചിട്ടുണ്ടെന്നും ആല്‍ബ പറഞ്ഞു. വാര്‍ത്താ മാധ്യമമായ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ബാഴ്സലോണയില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിച്ചിരുന്നു. കളിയുടെ എല്ലാ വശങ്ങളിലും മികവ് പുലര്‍ത്തിയ താരമാണ് മെസി. ഞങ്ങള്‍ക്കിരുവര്‍ക്കും കളിയില്‍ മികച്ച ജോഡികളാവാന്‍ സാധിച്ചിരുന്നു. എന്റെ എല്ലാ അസിസ്റ്റുകളും അദ്ദേഹത്തിനായിരുന്നു. എനിക്കോര്‍മയുണ്ട്, എല്‍ സദാറിന് വേണ്ടിയായിരുന്നു ആദ്യത്തെ കളി. തീര്‍ച്ചയായും അതെ, മെസിയാണ് ഫുട്ബോളില്‍ ഏറ്റവും മികച്ചത്,’ ആല്‍ബ പറഞ്ഞു.

2021ല്‍ ബ്ലൂഗ്രാനയിലെത്തിയ താരം 456 മത്സരങ്ങളില്‍ ക്ലബ്ബിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. 27 ഗോളുകളും 99 അസിസ്റ്റുകളുമാണ് ബാഴ്‌സലോണക്കായ ആല്‍ബ അക്കൗണ്ടിലാക്കിയത്.

അതേസമയം, കഴിഞ്ഞ ദിവസം ബാഴ്‌സലോണ സൂപ്പര്‍താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. താരം തന്നെ ഔദ്യോഗികമായി വിവരം ആരാധകരെ അറിയിക്കുകയായിരുന്നു.

Content Highlights: Jordi Alba will leave Barcelona in this summer season, report