| Wednesday, 19th July 2023, 5:38 pm

മെസിക്കും ബുസിക്കും പിന്നാലെ ബാഴ്‌സലോണ ഇതിഹാസം ഇന്റര്‍ മിയാമിയിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിക്കും ബുസ്‌ക്വെറ്റ്‌സിനും പിന്നാലെ ബാഴ്‌സലോണ ഇതിഹാസം ജോര്‍ധി ആല്‍ബയും ഉടന്‍ ഇന്റര്‍ മിയാമിയില്‍ ജോയിന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മേജര്‍ സോക്കര്‍ ലീഗായ ഇന്റര്‍ മിയാമിയുടെ സഹ ഉടമ ജോര്‍ജ് മാസ് ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ടി.വൈ.സി സ്‌പോര്‍ട്‌സിനോട് ജോര്‍ജ് മാസ് ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.

‘ജോര്‍ധി ആല്‍ബ പേപ്പറുകളെല്ലാം സൈന്‍ ചെയ്തു. വരുന്ന ദിവസങ്ങളില്‍ തന്നെ അദ്ദേഹം ഇന്റര്‍ മിയാമിയില്‍ ജോയിന്‍ ചെയ്യും,’ ജോര്‍ജ് മാസ് പറഞ്ഞതായി ടി.വൈ.സി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

2012ല്‍ വലെന്‍സിയയില്‍ നിന്ന് ബാഴ്‌സലോണയിലെത്തിയ ആല്‍ബ കറ്റാലന്‍ വമ്പന്‍മാര്‍ക്കായി 300 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. ബാഴ്‌സയുടെ സുപ്രധാന നേട്ടങ്ങളില്‍ പങ്കുവഹിച്ച ആല്‍ബ ഒരു പതിറ്റാണ്ടിലധികം കാലം ക്ലബ്ബില്‍ ചെലവഴിച്ചു. തുടര്‍ന്ന് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബില്‍ നിന്ന് പടിയിറങ്ങുകയായിരുന്നു.

ഈ സീസണിന്റെ അവസാനത്തോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ബ്രേക്ക് എടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്തത്. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്. മെസി ഇന്റര്‍ മിയാമിക്കൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബാഴ്സലോണ ഇതിഹാസവും മെസിയുടെ സുഹൃത്തുമായ സെര്‍ജിയോ ബുസ്‌ക്വെറ്റ്സിനെയും ബെക്കാം ക്ലബ്ബിലെത്തിക്കുമെന്ന വിവരം വാര്‍ത്തയാകുന്നത്.

കഴിഞ്ഞ ദിവസമാണ് ആരവങ്ങളോടെ ഇന്റര്‍ മിയാമി ഇരു താരങ്ങളെയും ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ആല്‍ബയെ കൂടി ക്ലബ്ബിലെത്തിച്ച് കഴിഞ്ഞാല്‍ ബാഴ്സയിലെ ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന അധ്യായങ്ങള്‍ക്ക് അമേരിക്കന്‍ ലീഗില്‍ തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlights: Jordi Alba will join with Inter Miami

We use cookies to give you the best possible experience. Learn more