| Friday, 2nd June 2023, 6:42 pm

'ബാഴ്‌സലോണ ലെജന്‍ഡ് ഞാനല്ല, അദ്ദേഹമാണ്'; ബാഴ്‌സ ഇതിഹാസത്തെ കുറിച്ച് ആല്‍ബ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണ ഇതിഹാസങ്ങളായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ജോര്‍ധി ആല്‍ബയും ക്ലബ്ബില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. ഒരു പതിറ്റാണ്ടിലധികം ക്യാമ്പ് നൗവില്‍ ചെലവഴിച്ച ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. ബാഴ്‌സലോണയില്‍ തന്നെക്കാള്‍ മികച്ച താരം ബുസ്‌ക്വെറ്റ്‌സാണെന്നും അദ്ദേഹം ഒരു ഇതിഹാസമാണെന്നും പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ആല്‍ബ.

താന്‍ ബുസിയെക്കാള്‍ കൂടുതല്‍ ഗോള്‍ നേടിയിട്ടുണ്ടെങ്കിലും തന്നെക്കാള്‍ കൂടുതല്‍ ടൈറ്റിലുകള്‍ പേരിലാക്കിയിട്ടുള്ളത് അദ്ദേഹമാണെന്നും ആല്‍ബ പറഞ്ഞു. ബാഴ്‌സ യൂണിവേഴ്‌സലിനോട് സംസാരിക്കുമ്പോഴാണ് ആല്‍ബ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ബുസ്‌ക്വെറ്റ്‌സ് ആണ് എന്നെക്കാള്‍ മികച്ച ഇതിഹാസം. അദ്ദേഹം എന്നെക്കാള്‍ കൂടുതല്‍ ടൈറ്റിലുകള്‍ പേരിലാക്കിയിട്ടുണ്ട്. ഗോള്‍ സ്‌കോര്‍ ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് എനിക്കദ്ദേഹത്തെ കടത്തിവെട്ടാന്‍ സാധിച്ചത്,’ ആല്‍ബ പറഞ്ഞു.

2012ല്‍ വലെന്‍സിയയില്‍ നിന്ന് 14 മില്യണ്‍ യൂറോയുടെ കരാറിലാണ് ആല്‍ബയെ ബാഴ്‌സ സ്വന്തമാക്കിയത്. തുടര്‍ന്ന് നീണ്ട പതിനൊന്ന് വര്‍ഷം ബ്ലൂഗ്രാന ജേഴ്‌സിയില്‍ കളിച്ച 459 മത്സരങ്ങളില്‍ നിന്ന് 27 ഗോളും 99 അസിസ്റ്റുകളുമാണ് ആല്‍ബയുടെ സമ്പാദ്യം.

അതേസമയം, 2008ലാണ് ബുസ്‌ക്വെറ്റ്‌സ് ബഴ്‌സലോണയില്‍ ജോയിന്‍ ചെയ്തത്. 15 വര്‍ഷത്തെ ബാഴ്‌സ ജീവിതത്തിനിടെ 722 മത്സരങ്ങളില്‍ കളിക്കാനും 18 ഗോളും 45 അസിസ്റ്റുകളും അക്കൗണ്ടിലാക്കാനും ബുസിക്ക് സാധിച്ചു.

2024 വരെയാണ് ആല്‍ബക്ക് ബാഴ്‌സയുമായി കരാറുണ്ടായിരുന്നത്. എന്നാല്‍ ഈ സീസണിന്റെ അവസാനത്തോടെ താരം ക്യാമ്പ് നൗ വിടാന്‍ തീരുമാനിക്കുകയായിരുന്നു. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

വേതനത്തെ ചൊല്ലിയാണ് ബാഴ്സ വിടാന്‍ ആല്‍ബ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ ബാഴ്‌സയുമായി പിരിയുന്നെന്ന വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന് പിന്നാലെയുള്ള ആല്‍ബയുടെ പടിയിറക്കം ഒരു യുഗാന്ത്യമായാണ് ബാഴ്‌സ ആരാധകര്‍ അടയാളപ്പെടുത്തുക.

Content Highlights: Jordi Alba praises Sergio Busquets

We use cookies to give you the best possible experience. Learn more