കരിയറിലെ രണ്ട് പതിറ്റാണ്ടുകള്‍ ബാഴ്സലോണയില്‍ ചിലവഴിച്ച താരമാണ് ലയണല്‍ മെസി. 2020ലാണ് താരം ബാഴ്സയില്‍ നിന്ന് ഫ്രീ ഏജന്റായി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് ചേക്കേറുന്നത്.
മെസി ബാഴ്സ വിട്ടിറങ്ങിയത് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത നിരവധി താരങ്ങളുണ്ട്. അവരിലൊരാളാണ് ബാഴ്സലോണ താരം ജോര്‍ധി ആല്‍ബ. ഇരുവരും ചേര്‍ന്ന് ബാഴ്സലോണക്കായി 345 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ഇപ്പോള്‍ മെസിയുമായുള്ള തന്റെ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് ആല്‍ബ. ഇരുവര്‍ക്കും പരസ്പരം അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും കരിയറിലെ തന്റെ ജീവിതം രസകരമാക്കുന്നതില്‍ മെസി പങ്കുവഹിച്ചിട്ടുണ്ടെന്നും ആല്‍ബ പറഞ്ഞു. വാര്‍ത്താ മാധ്യമമായ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Jordi Alba: “I would like Messi to come back, it would be good for the club and for him.” pic.twitter.com/B949GMJtPd
‘ബാഴ്സലോണയില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിച്ചിരുന്നു. കളിയുടെ എല്ലാ വശങ്ങളിലും മികവ് പുലര്‍ത്തിയ താരമാണ് മെസി.
ഞങ്ങള്‍ക്കിരുവര്‍ക്കും കളിയില്‍ മികച്ച ജോഡികളാവാന്‍ സാധിച്ചിരുന്നു. എന്റെ എല്ലാ അസിസ്റ്റുകളും അദ്ദേഹത്തിനായിരുന്നു. എനിക്കോര്‍മയുണ്ട്, എല്‍ സദാറിന് വേണ്ടിയായിരുന്നു ആദ്യത്തെ കളി. തീര്‍ച്ചയായും അതെ, മെസിയാണ് ഫുട്ബോളില്‍ ഏറ്റവും മികച്ചത്,’ ആല്‍ബ പറഞ്ഞു.
അതേസമയം, മെസി ബാഴ്‌സലോണ എഫ്.സിയിലേക്ക് തിരികെ പോകാന്‍ തയ്യാറാണെന്നും എന്നാല്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ബാഴ്‌സയില്‍ കുറഞ്ഞ വേതനത്തില്‍ സൈന്‍ ചെയ്യാന്‍ മെസി തയ്യാറാണെന്നും തന്റെ മത്സരങ്ങളില്‍ നിന്ന് ക്ലബ്ബിന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് തനിക്ക് നല്‍കണമെന്ന നിബന്ധനയാണ് മെസി മുന്നോട്ടുവെച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെസിയുടെ ക്ലബ്ബ് ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും താരം വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.എസ്.ജിയുമായി കരാര്‍ പുതുക്കാന്‍ മെസി താത്പര്യപ്പെടുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ബാഴ്സലോണക്ക് പുറമെ ഇന്റര്‍ മിയാമിയാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ള മറ്റൊരു ക്ലബ്ബ്.