കരിയറിലെ രണ്ട് പതിറ്റാണ്ടുകള്‍ ബാഴ്‌സലോണയില്‍ ചെലവഴിച്ച താരമാണ് ലയണല്‍ മെസി. 2020ലാണ് താരം ബാഴ്‌സയില്‍ നിന്ന് ഫ്രീ ഏജന്റായി ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിലേക്ക് ചേക്കേറിയത്.
മെസി ബാഴ്‌സ വിട്ടിറങ്ങിയത് ഇനിയും ഉള്‍ക്കൊള്ളാനാവാത്ത നിരവധി താരങ്ങളുണ്ട്. അവരിലൊരാളാണ് ബാഴ്‌സലോണ താരം ജോര്‍ധി ആല്‍ബ. ഇരുവരും ചേര്‍ന്ന് ബാഴ്‌സലോണക്കായി 345 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
മെസിയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ആല്‍ബ. ഇരുവര്‍ക്കും പരസ്പരം അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും കരിയറിലെ തന്റെ ജീവിതം രസകരമാക്കുന്നതില്‍ മെസി പങ്കുവഹിച്ചിട്ടുണ്ടെന്നും ആല്‍ബ പറഞ്ഞു. വാര്‍ത്താ മാധ്യമമായ സ്‌പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ബാഴ്‌സലോണയില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിച്ചിരുന്നു. കളിയുടെ എല്ലാ വശങ്ങളിലും മികവ് പുലര്‍ത്തിയ താരമാണ് മെസി.
ഞങ്ങള്‍ക്കിരുവര്‍ക്കും കളിയില്‍ മികച്ച ജോഡികളാവാന്‍ സാധിച്ചിരുന്നു. എന്റെ എല്ലാ അസിസ്റ്റുകളും അദ്ദേഹത്തിനായിരുന്നു. എനിക്കോര്‍മയുണ്ട്, എല്‍ സദാറിന് വേണ്ടിയായിരുന്നു ആദ്യത്തെ കളി. തീര്‍ച്ചയായും അതെ, മെസിയാണ് ഫുട്‌ബോളില്‍ ഏറ്റവും മികച്ചത്,’ ആല്‍ബ പറഞ്ഞു.
അതേസമയം, വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ ക്ലബ്ബില്‍ തുടരുമോ എന്നുള്ള കാര്യത്തില്‍ മെസി വ്യക്തത നല്‍കിയിട്ടില്ല. തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തന്നെ മടങ്ങാനാണ് മെസി പദ്ധതിയിടുന്നതെന്ന് നിരവധി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിഷയത്തില്‍ മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല.
ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലില്‍ നിന്ന് മെസിക്ക് 400 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാനഘട്ടത്തിലാണെന്നിരിക്കെ യൂറോപ്പില്‍ തന്നെ കളിച്ച് വിരമിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.