ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ രണ്ട് വര്‍ഷത്തെ സംഘര്‍ഷഭരിതമായ സീസണിനൊടുവില്‍ ലയണല്‍ മെസി ക്ലബ്ബിന്റെ പടിയിറങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില്‍ സമ്മര്‍ദത്തിലൂടെ കടന്നുപോയ മെസി ക്ലബ്ബ് ആവശ്യപ്പെട്ടിട്ടും കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബായ ഇന്റര്‍ മയാമിയുമായി സൈന്‍ ചെയ്യാനായിരുന്നു മെസിയുടെ തീരുമാനം. കഴിഞ്ഞ മാസം 21നാണ് എം.എല്‍.എസ്. ലീഗില്‍ മെസി അരങ്ങേറ്റം കുറിച്ചത്. അമേരിക്കന്‍ മണ്ണില്‍ തന്റെ 36ാം വയസിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് കരിയറിന്റെ അവസാന കാലഘട്ടം ആസ്വദിക്കുന്ന മെസിയെയാണ് കാണാനാകുന്നത്.
പി.എസ്.ജിയില്‍ സന്തോഷമെന്തെന്ന് മെസി അറിഞ്ഞിട്ടില്ലെന്നും മയാമിയില്‍ ആകാംക്ഷാഭരിതനായി കളിക്കുന്ന താരത്തെയാണ് കാണുന്നതെന്നും പറഞ്ഞിരിക്കുകയാണ് ഇന്റര്‍ മയാമിയിലെ മെസിയുടെ സഹതാരമായ ജോര്‍ധി ആല്‍ബ. പാരീസിലെ പോലെയല്ലെന്നും മയാമിയില്‍ മെസിയെ സ്‌നേഹിക്കാനും പിന്തുണക്കാനും ആളുകളുണ്ടെന്നും ആല്‍ബ പറഞ്ഞു.
‘ഇവിടെ അദ്ദേഹത്തെ പിന്തുണക്കാനും സ്‌നേഹിക്കാനും ആളുകളുണ്ട്. അതാണ് ഏറ്റവും പ്രധാനം. പി.എസ്.ജിയില്‍ മെസിക്ക് നല്ല സമയമുണ്ടായിരുന്നില്ല. സന്തോഷം എന്തെന്നറിഞ്ഞിട്ടില്ല. എന്നാല്‍ ഇവിടെ അദ്ദേഹം സന്തോഷവാനാണ്,’ ആല്‍ബ പറഞ്ഞു.
മെസി വളരെ ഡിമാന്‍ഡിങ് ആയിട്ടുള്ള വ്യക്തിയാണെന്നും കരിയറില്‍ എല്ലാം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം കളിക്കുന്നതെന്നും ആല്‍ബ പറഞ്ഞു. മെസിയുടെ ദൃഢനിശ്ചയം കൊണ്ടാണ് താരത്തോടൊപ്പം കളിക്കാന്‍ തീരുമാനിച്ചതെന്നും ആല്‍ബ പറഞ്ഞു.
അതേസമയം, എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്കായി അരങ്ങേറ്റ നടത്തിയതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മെസി ഗോള്‍ നേടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒര്‍ലാന്‍ഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തില്‍ രണ്ട് ഗോളുകളാണ് മെസി വലയിലെത്തിച്ചത്. ഇതോടെ മയാമിക്കായി കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം.