കഴിഞ്ഞ ദിവസമാണ് ബാഴ്‌സലോണ സൂപ്പര്‍താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. താരം തന്നെ ഔദ്യോഗികമായി വിവരം ആരാധകരെ അറിയിക്കുകയായിരുന്നു. ബാഴ്‌സയിലെ മറ്റൊരു സൂപ്പര്‍താരം ജോര്‍ധി ആല്‍ബയും ക്ലബ്ബ് വിടാനൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫുട്‌ബോള്‍ എസ്പാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
വേതനത്തെ ചൊല്ലിയാണ് ബാഴ്‌സ വിടാന്‍ ആല്‍ബ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2021ല്‍ ബ്ലൂഗ്രാനയിലെത്തിയ താരം 456 മത്സരങ്ങളില്‍ ക്ലബ്ബിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. 27 ഗോളുകളും 99 അസിസ്റ്റുകളുമാണ് ബാഴ്‌സലോണക്കായ ആല്‍ബ അക്കൗണ്ടിലാക്കിയത്.
ബാഴ്‌സലോണ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം ആല്‍ബ 345 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. മെസിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് താരം മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു. ഇരുവര്‍ക്കും പരസ്പരം അടുത്തറിയാന്‍ സാധിച്ചിട്ടുണ്ടെന്നും കരിയറിലെ തന്റെ ജീവിതം രസകരമാക്കുന്നതില്‍ മെസി പങ്കുവഹിച്ചിട്ടുണ്ടെന്നും ആല്‍ബ പറഞ്ഞു. വാര്‍ത്താ മാധ്യമമായ സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
‘ബാഴ്സലോണയില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് പരസ്പരം മനസിലാക്കാന്‍ സാധിച്ചിരുന്നു. കളിയുടെ എല്ലാ വശങ്ങളിലും മികവ് പുലര്‍ത്തിയ താരമാണ് മെസി. ഞങ്ങള്‍ക്കിരുവര്‍ക്കും കളിയില്‍ മികച്ച ജോഡികളാവാന്‍ സാധിച്ചിരുന്നു. എന്റെ എല്ലാ അസിസ്റ്റുകളും അദ്ദേഹത്തിനായിരുന്നു. എനിക്കോര്‍മയുണ്ട്, എല്‍ സദാറിന് വേണ്ടിയായിരുന്നു ആദ്യത്തെ കളി. തീര്‍ച്ചയായും അതെ, മെസിയാണ് ഫുട്ബോളില്‍ ഏറ്റവും മികച്ചത്,’ ആല്‍ബ പറഞ്ഞു.
അതേസമയം, ബുസ്‌ക്വെറ്റ്‌സിന് പകരക്കാരനായുള്ള അന്വേഷണത്തിലാണ് കോച്ച് സാവിയെന്നും ചില താരങ്ങളെ നോട്ടമിട്ട് വെച്ചിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മൊറോക്കയുടെ മിഡ്ഫീല്‍ഡ് താരം സോഫിയാന്‍ അംറബാത് ആണ് പട്ടികയില്‍ ആദ്യം. വിന്റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ലെന്നും ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റയല്‍ ബെറ്റിസ് താരം ഗുയിഡോ റോഡ്രിഗസ് ആണ് സാവി ഷോര്‍ട്‌ലിസ്റ്റ് ചെയ്ത ബുസ്‌ക്വെറ്റ്‌സിന്റെ പകരക്കാരില്‍ രണ്ടാമത്തെയാള്‍. അര്‍ജന്റൈന്‍ താരത്തിന്റെ ലാ ലിഗയിലെയും അന്താരാഷ്ട്ര മത്സരങ്ങളിലെയും പെര്‍ഫോമന്‍സില്‍ ആകൃഷ്ടനായാണ് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ബാഴ്‌സ പദ്ധതിയിട്ടത്. ബുസ്‌ക്വെറ്റ്‌സിന്റെ ബൂട്ടില്‍ ശക്തനായ കളിക്കാരനാകാന്‍ റോഡ്രിഗസിന് സാധിക്കുമെന്നാണ് സാവിയുടെ വിശ്വാസം.
ലാ ലിഗയില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 26 ജയവും മൂന്ന് തോല്‍വിയുമായി 82 പോയിന്റോടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. 13 പോയിന്റ് വ്യത്യാസത്തില്‍ അത്‌ലെറ്റികോ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്.
മെയ് 15ന് എസ്പന്യോളിനെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Content Highlights: Jordi Alba is about to leave Barcelona, says report