പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ അല്‍ നസര്‍ സ്വന്തമാക്കിയതിന് പിന്നാലെ കൂടുതല്‍ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെക്കാനുള്ള തത്രപ്പാടിലാണ് സൗദി അറേബ്യന്‍ ക്ലബ്ബുകള്‍. ഈ സീസണിന്റെ അവസാനത്തോടെ ലയണല്‍ മെസിയുമായി അല്‍ ഹിലാല്‍ സൈന്‍ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബാഴ്‌സലോണയുടെ സ്പാനിഷ് താരം ജോര്‍ധി ആല്‍ബയെ അല്‍ ഹിലാല്‍ സ്വന്തമാക്കാനൊരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയില്‍ നിന്ന് താരം പടിയിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് താരം സൗദി പ്രോ ലീഗില്‍ കളിച്ചേക്കും എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഫ്രഞ്ച് ജേണലിസ്റ്റായ മുഹമ്മദ് ബുഹാഫ്‌സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടെ ചെയ്തത്.
വരാനിരിക്കുന്ന സീസണില്‍ മെസിയടക്കം അല്‍ ഹിലാല്‍ സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്ന മൂന്ന് താരങ്ങളില്‍ ഒരാളാണ് ആല്‍ബയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അല്‍ ഹിലാലിന്റെ ഓഫര്‍ സ്വീകരിച്ച് ആല്‍ബ സൗദിയിലേക്ക് തിരിച്ചാല്‍ തന്റെ പഴയ സുഹൃത്തായ ലയണല്‍ മെസിക്കൊപ്പം ഒരിക്കല്‍ കൂടി ഒരുമിച്ച് ബൂട്ടുകെട്ടാനാകുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിനുപുറമെ ബാഴ്‌സലോണയില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെ സൗദിയിലെ മറ്റൊരു ക്ലബ്ബായ അല്‍ സഈം നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബുസ്‌ക്വെറ്റ്‌സിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ആല്‍ബയുമായി അല്‍ ഹിലാല്‍ ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ബാഴ്‌സലോണയില്‍ ലയണല്‍ മെസിക്കൊപ്പം ആല്‍ബ 345 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് ജോര്‍ധി ആല്‍ബ. 2021ല്‍ ബ്ലൂഗ്രാനയിലെത്തിയ താരം 456 മത്സരങ്ങളില്‍ ക്ലബ്ബിനായി ബൂട്ടുകെട്ടിയിട്ടുണ്ട്. 27 ഗോളുകളും 99 അസിസ്റ്റുകളുമാണ് ബാഴ്സലോണക്കായി ആല്‍ബ അക്കൗണ്ടിലാക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് ബാഴ്സലോണ സൂപ്പര്‍താരം സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. താരം തന്നെ ഔദ്യോഗികമായി വിവരം ആരാധകരെ അറിയിക്കുകയായിരുന്നു. ബുസ്‌ക്വെറ്റ്‌സിന് ഒത്ത പകരക്കാരനെ ക്ലബ്ബിലെത്തിച്ച് സ്‌ക്വാഡ് ശക്തിപ്പെടുത്താനാണ് ബാഴ്‌സലോണ ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Jordi Alba got invitation to join with Saudi Arabian club Al Hilal in next season