ലയണല്‍ മെസി ബാഴ്സയിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ചും പി.എസ്.ജിയില്‍ തുടരുന്നതിനെ കുറിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മെസി കൂടൊഴിഞ്ഞതിന് ശേഷം നിരവധി താരങ്ങള്‍ ബാഴ്സയിലേക്ക് ചേക്കേറിയെങ്കിലും മെസിക്ക് വേണ്ടി ക്ലബ്ബിന്റെ വാതിലുകള്‍ എല്ലായ്‌പ്പോഴും തുറന്നു തന്നെ കിടക്കുമെന്ന് ബാഴ്സലോണ പലപ്പോഴായി അറിയിച്ചിരുന്നു.
മെസി ബാഴ്‌സയിലേക്ക് തിരിച്ച് പോകണമെന്ന് ഒരു കൂട്ടം ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ അതിനോട് വിയോജിക്കുന്നവരും ഉണ്ട്. താരം ബാഴ്സയിലേക്ക് തിരികെയെത്തുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് പ്രമുഖ ഫുട്ബോള്‍ വിദഗ്ധന്‍ ജോട്ട ജോര്‍ദി മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാവുകയാണിപ്പോള്‍. താരം തിരിച്ച് ബാഴ്സലോണയിലെത്തി കഴിഞ്ഞാല്‍ അത് വലിയ അബദ്ധമായിരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘അത് തീര്‍ച്ചയായും ഒരു തെറ്റായ തീരുമാനമായിരിക്കും, അദ്ദേഹം തിരിച്ച് ബാഴ്സയലേക്കെത്തുന്നത് ദോഷകരമാണന്നേ ഞാന്‍ പറയൂ. ശരിയാണ് ബാഴ്സയെ സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം വളരെ ദുരിതം നിറഞ്ഞതായിരുന്നു. മെസിയില്ലാത്ത ഒരു ജീവിതം ഞങ്ങള്‍ ബാഴ്സയില്‍ ശീലിച്ചു വരികയാണ്. ഞങ്ങളതിന്റെ പുറത്ത് നന്നായി വര്‍ക്ക് ചെയ്യുന്നുമുണ്ട്. അങ്ങനെയിരിക്കുമ്പോള്‍ മെസി തിരികെ വരുന്നത്, അത് ടീമിന് ദോഷം ചെയ്യുകയേ ഉള്ളൂ,’ അദ്ദേഹം പറഞ്ഞു.
മെസിക്ക് ഒരു സെക്കന്‍ഡറി റോളായിരിക്കും ബാഴ്സ വാഗ്ദാനം ചെയ്യുക എന്നും അത് താരത്തിന് സ്വീകരിക്കേണ്ടി വന്നാല്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടായേക്കുമെന്നും ജോട്ടാ ജോര്‍ദി പറഞ്ഞിരുന്നു. മെസിയില്ലാതെ മുന്നോട്ട് പോകാന്‍ ബാഴ്സ ധൈര്യം കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ എല്‍ ക്ലാസിക്കോയില്‍ ബാഴസലോണ വിജയിച്ചിരുന്നു. റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബാഴ്സ തോല്‍പ്പിച്ചത്. ബ്ലൂഗ്രാനക്കായി സെര്‍ജി റോബേര്‍ട്ടോയും ഫ്രാങ്ക് കെസിയുമാണ് വലകുലുക്കിയത്.
ഏപ്രില്‍ രണ്ടിന് എല്‍ച്ചെക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.
Content Highlights: Jordi Alba about Lionel Messi return to Barcelona