ജറുസലേം: ഗസയിലെ ആശുപത്രിയില്‍ ഉണ്ടായ ഇസ്രഈലിന്റെ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലും വ്യാപക പ്രതിഷേധം. ആക്രമണത്തില്‍ 500 ലധികം ആളുകള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്രഈല്‍ എംബസിക്ക് നേരെ പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി.
200 പേരടങ്ങുന്ന ഒരു സംഘത്തിന് എംബസിയുടെ വളരെ അടുത്ത് എത്താന്‍ സാധിച്ചെങ്കിലും സുരക്ഷാ ഓഫീസര്‍മാര്‍ കണ്ണീര്‍ വാതകം ഉപയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചു വിടുകയായിരുന്നു. അതിനെ തുടര്‍ന്ന് ഇസ്രഈല്‍ എംബസിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള
കലോടി മസ്ജിദിലേക്ക് പ്രതിഷേധക്കാര്‍ മാറുകയുണ്ടായി. എംബസിയിലേക്ക് കടന്നുകയറാന്‍ കഴിഞ്ഞു എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ജോര്‍ദാന്‍ സുരക്ഷാ സ്രോതസുകള്‍ അറിയിച്ചു.
‘ഭൂരിപക്ഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതായും രാഷ്ട്രീയപാര്‍ട്ടികളുടെയോ ഏതെങ്കിലും സംഘടനയുടെയോ പ്രതിഷേധങ്ങളല്ല എംബസിക്ക് നേരെ നടന്നതെന്നും ഇസ്രഈലിന്റെ ആക്രമണത്തോട് എല്ലാവരും ഒരുമിച്ചു നിന്ന് പ്രതിഷേധിക്കുകയായിരുന്നു,’ ദൃക്സാക്ഷി മിഡില്‍ ഈസ്റ്റ് ഐയോട് പറഞ്ഞു.
എംബസി അടച്ചു പൂട്ടണമെന്നും അംബാസിഡറെ പുറത്താക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗസ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയിലും വടക്കേ ആഫ്രിക്കയിലെ നഗരങ്ങളിലും മറ്റും 100 കണക്കിന് ആളുകളുടെ പ്രതിഷേധം നടന്നതായി അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.